വഴിത്തര്‍ക്കം: ഇരുചക്ര വാഹനവും വീടും തല്ലിത്തകര്‍ത്ത് അയല്‍വാസി
1591135
Friday, September 12, 2025 11:32 PM IST
എടത്വ: വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി ഇരുചക്ര വാഹനവും വീടും തല്ലിത്തകര്‍ത്തതായി പരാതി. വീടിന് മുറ്റത്തിരുന്ന ഇരുചക്ര വാഹനവും വീടിന്റെ ജനല്‍ച്ചില്ലും മുറ്റത്തിരുന്ന പൂച്ചട്ടികളുമാണ് തല്ലിത്തകര്‍ത്തത്. തകഴി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ മെതിക്കളത്തില്ചിറ ബിനുവിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. വ്യാഴാഴ്ച ഉച്ചയോടുകൂടിയാണ് സംഭവം. സമീപവാസിയായ കോയിക്കളം സാബുവുമായി വഴിത്തര്‍ക്കം നിലനിന്നിരുന്നു.
നിലവില്‍ നടവഴി ഉണ്ടെങ്കിലും ബിനുവിന്റെ വീടിന് സമീപത്തുകൂടി വഴി നല്‍കണമെന്ന് സമീപവാസി സാബു ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ബിനു കോടതിയില്‍നിന്ന് ഇന്ജക്ഷന് ഓര്‍ഡര്‍ വാങ്ങി.
ഓര്‍ഡറുമായി വീട്ടിലെത്തിയ കോടതി ജീവനക്കാര്‍ക്ക് മുന്പില്വച്ചാണ് സാബു ആക്രമണം അഴിച്ചു വിട്ടതെന്ന് വീട്ടുകാര്‍ പറയുന്നു.
വീടിന്റെ മുറ്റത്തിരുന്ന ബൈക്കും ചെടിച്ചട്ടികളും തല്ലിത്തകര്‍ത്ത ശേഷം ബിയര്‍ കുപ്പി ഉപയോഗിച്ച് ജനല്‍ ചില്ല് എറിഞ്ഞു തകര്ക്കുകയുമായിരുന്നെന്നാണ് വീട്ടുകാരുടെ പരാതി. ബിനുവിന്റെ പരാതിയെ തുടര്‍ന്ന് എടത്വ പോലീസ് സാബുവിനെതിരെ കേസ് എടുത്തു.