എസി റോഡിൽ കാർ കടയിലേക്കു പാഞ്ഞുകയറി
1590640
Wednesday, September 10, 2025 11:37 PM IST
മങ്കൊമ്പ്: എസി റോഡിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിൽ ഇടിച്ചുകയറിയതിനെത്തുടർന്ന് റോഡരികിലുണ്ടായിരുന്ന കട പൂർണമായും തകർന്നു. ചൊവ്വാഴ്ച രാത്രി 11ന് മാമ്പുഴക്കരി ബ്ലോക്ക് ജംഗ്ഷനിലായിരുന്നു സംഭവം.
ആലപ്പുഴ ഭാഗത്തുനിന്നു വരികയായിരുന്ന കാർ നിയന്ത്രണംവിട്ടു സമീപത്തെ ഇന്റർലോക്ക് പാകിയ നടപ്പാതയിലേക്കു പാഞ്ഞുകയറുകയായിരുന്നു. നടപ്പാതയിലൂടെ ഓടിനീങ്ങിയ കാർ പിന്നീട് കടയും തകർക്കുകയായിരുന്നു.
മാമ്പുഴക്കരി വെമ്പഴശേരി രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള മാടക്കട പൂർണമായും തകർന്നു. മുട്ടാർ സ്വദേശികളായ രണ്ടു യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ ഒരാൾക്കു മുഖത്ത് പരിക്കേറ്റു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസിയായ ബൈജുവും പിന്നാലെയെത്തിയ വാഹനങ്ങളിലുണ്ടായിരുന്നവരും ചേർന്നാണ് ഇരുവരെയും കാറിൽനിന്നു പുറത്തെടുത്തത്. പിന്നീട് ചങ്ങനാശേരി ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.