വെട്ടിയാർ പാറക്കുളങ്ങര ഗുരുമന്ദിരം ജംഗ്ഷനിൽ വീണ്ടും വാഹനാപകടം
1590637
Wednesday, September 10, 2025 11:37 PM IST
മാങ്കാംകുഴി: കൊല്ലം-തേനി ദേശീയ പാതയിലെ സ്ഥിരം അപകടമേഖലയായ വെട്ടിയാർ പാറക്കുളങ്ങര ഗുരുമന്ദിരം ജംഗ്ഷനിലെ കൊടുംവളവിൽ വീണ്ടും വാഹനാപകടം അപകടം. സ്കൂട്ടറിൽ ഇടിച്ച വാൻ വെട്ടിച്ചുമാറ്റുന്നതിനിടയിൽ റോഡരികിലേക്ക് മറിഞ്ഞു.
സമീപത്തെ വൈദ്യുതി പോസ്റ്റ് തകർത്താണ് വാൻ മറിഞ്ഞത്. ഇന്നലെ രാവിലെയായിരുന്നു അപകടം. സ്കൂട്ടർ യാത്രികൻ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥനായ മാങ്കാംകുഴി തടത്തിൽ മുഹമ്മദ് ഹസന് കൈക്കു പരിക്കേറ്റു. ഇദ്ദേഹത്തെ കൊല്ലക്കടവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാൻ ഡ്രൈവർക്കും നിസാര പരിക്കേറ്റു. സ്ഥിരം അപകടമേഖലയായ പാറക്കുളങ്ങരയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി വാഹനങ്ങളാണ് സമാനരീതിയിൽ അപകടത്തിപ്പെട്ടിട്ടുള്ളത്. റോഡിന് വീതിയില്ലാത്തതും കുത്തനെയുള്ള ഇറക്കത്തിലെ കൊടുവളവുമാണ് അപകടങ്ങൾക്കു കാരണം.
ഇറക്കം ഇറങ്ങിവരുമ്പോൾ വാഹനം നിയന്ത്രണംവിട്ട് തെന്നിമാറി താഴ്ചയിലേക്കു മറിയുന്നതും പതിവാണ്. അപകടം നിയന്ത്രിക്കാൻ റോഡിനു സമീപം സംരക്ഷണവേലി നിർമിക്കുകയും അപകട മുന്നറിയിപ്പ് സിഗ്നൽ സ്ഥാപിക്കുകയും ചെയ്തെങ്കിലും അപകടം തുടരുകയാണ്.
കൊല്ലം-തേനി ദേശീയപാത 24 മീറ്റർ വീതിയിൽ വികസിക്കുമ്പോൾ ഇവിടുത്തെ അപകടവളവ് ഒഴിവാക്കി നിർമാണം നടത്തുമെന്നാണ് അധികൃതരുടെ പ്രഖ്യാപനം.