ചങ്ങനാശേരി അതിരൂപത നൂറുമേനി വചനപഠന മത്സരം ഗ്രാൻഡ് ഫിനാലെ നാളെ; മഹാസംഗമം 13ന്
1590635
Wednesday, September 10, 2025 11:37 PM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ബൈബിള്‍ അപ്പൊസ്തലേറ്റ്, കുടുംബ കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അതിരൂപതയിലെ 250 ഇടവകകളില്‍നിന്നായി ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത നൂറുമേനി വചനപഠന മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ നാളെയും മഹാസംഗമവും എന്റെ സ്വന്തം ബൈബിള്‍ പദ്ധതിയുടെ ഉദ്ഘാടനവും 13നും എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കും. പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, നൂറുമേനി ചെയര്മാന് സണ്ണി ഇടിമണ്ണിക്കല്‍, ബൈബിള്‍ അപ്പൊസ്തലേറ്റ് അതിരൂപത പ്രസിഡന്റ് ഡോ. റൂബിള്‍ രാജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നാളെ രാവിലെ 11ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെ മത്സരത്തില്‍ വിവിധ റീജണുകളില്നിന്ന് മാത്യു തോമസ്, മേരിക്കുട്ടി തോമസ്, മെര്‍ലി ആന്‍ മാത്യു (കുട്ടനാട്), ജയിംസ് കെ. ജേക്കബ്, ഷൈനി സെബാസ്റ്റ്യന്‍ (ചങ്ങനാശേരി), സോജി ചാക്കോ, മരിയ മാത്യു (നെടുംകുന്നം), ഡോ. സുജിത്ത് ജോ മാത്യു, ഡോ. അനു വര്‍ഗീസ്, മരിയ റോസ് ജോ (കോട്ടയം), ഡോ. അഭിലാഷ് കെ. തോമസ് (തിരുവനന്തപുരം) എന്നീ കുടുംബങ്ങള്‍ പങ്കെടുക്കും. മത്സരത്തിലൂടെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവരെ കണ്ടെത്തും.
13ന് രാവിലെ 10ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന മഹാ സമ്മേളനം മലങ്കരസഭാ മേജര്‍ ആര്‍ച്ച്ബിഷപ് ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.
ആര്‍ച്ച്ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണവും വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തക്കാട്ട് മുഖ്യപ്രഭാഷണവും നടത്തും. ചലച്ചിത്രനടന്‍ സിജോയ് വര്‍ഗീസ് വചന സാക്ഷ്യം നല്‍കും.
ഫാ. ജോര്‍ജ് മാന്തുരുത്തില്‍, സണ്ണി ഇടിമണ്ണിക്കല്‍, ഡോ. റൂബിള്‍ രാജ്, ചലച്ചിത്ര നിര്‍മാതാവും ഗാനരചയിതാവുമായ ലിസി ഫെര്‍ണാണ്ടസ്, മീഡിയ വില്ലേജ് മീഡിയ കോ ഓര്‍ഡിനേറ്റര്‍ ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍, ഡോ.പി.സി അനിയന്‍കുഞ്ഞ്, ജനറല്‍ കണ്‍വീനര്‍ ഡോ. ജോബിന് എസ്. കൊട്ടാരം, പ്രഫ. ജോസഫ് ടിറ്റോ, സിസ്റ്റര്‍ ചെറുപുഷ്പം, ജോസി കടന്തോട്, മറിയം ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. അയ്യായിരത്തോളം പേര് മഹാ സംഗമത്തില്‍ പങ്കെടുക്കും.
ജനറല്‍ കണ്‍വീനര്‍ ഡോ. ജോബിന് എസ്. കൊട്ടാരം, പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് ആന്റണി മലയില്‍, പ്രഫ.ജോസഫ് ടിറ്റോ, ജോസുകുട്ടി കുട്ടംപേരൂര്‍, സൈബി അക്കര, ജിക്കു ജോസഫ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അതിരൂപതയിലെ മുഴുവന്‍
അംഗങ്ങള്‍ക്കും സ്വന്തമായി ബൈബിള്‍
ചങ്ങനാശേരി അതിരൂപതയിലെ എല്ലാ കുടുംബങ്ങളിലെയും മുഴുവന്‍ അംഗങ്ങള്‍ക്കും സ്വന്തമായി ബൈബിള്‍ ലഭ്യമാക്കുന്ന എന്റെ സ്വന്തം ബൈബിള്‍ പദ്ധതിക്ക് തുടക്കമാകുന്നു. പുതിയ നിയമവും 150 സങ്കീര്‍ത്തനങ്ങളും ഉള്‍പ്പെടുത്തി ആകര്‍ഷകമായി തയാറാക്കുന്ന പ്രത്യേക എഡിഷന് ബൈബിളാണ് വിതരണം ചെയ്യുന്നത്.
എന്റെ സ്വന്തം ബൈബിള്‍ പദ്ധതിയുടെയും നൂറുമേനി സീസണ് നാലിന്റെയും ഉദ്ഘാടനം മാര്‍ തോമസ് തറയില്‍ 119-ാം സങ്കീര്‍ത്തനം മനഃപാഠമാക്കിയ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ ലൂക്കാ രാകേഷ്, ഇവാന് വി. ബിജോയ് എന്നിവര്‍ക്ക് പേഴ്സണല്‍ ബൈബിള്‍ നല്കി ഉദ്ഘാടനം ചെയ്യും.