റോഡിൽ മദ്യപരുടെ ശല്യം
1515575
Wednesday, February 19, 2025 5:47 AM IST
ചെങ്ങന്നൂർ: ഷൈനി ഏബ്രഹാം റോഡ് മദ്യപരുടെയും സാമൂഹ്യവിരുദ്ധരുടെയും സ്ഥിരം താവളമായി മാറുകയാണ്. സമീപത്തുള്ള ബാറിൽനിന്നു മദ്യപിച്ചിറങ്ങുന്നവരുടെ തല്ലും ബഹളവും പതിവുകാഴ്ചയാണെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞദിവസം സമാന രീതിയിൽ മദ്യപന്മാർ തമ്മിൽ ഏറ്റുമുട്ടിയത് യാത്രക്കാർക്കും വ്യാപാരികൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കി.
കഴിഞ്ഞ വൈകുന്നേരവും ഇവിടെ സംഘർഷമുണ്ടായി. റെയിൽവേ സ്റ്റേഷനിൽനിന്നു കാൽനടയായി വരുന്ന സ്ത്രീകൾക്കെതിരേ അസഭ്യവർഷം ചൊരിയുകയും സിനിമയെ വെല്ലുന്ന തരത്തിൽ അടിപിടിയും നടന്നതായി സമീപവാസികൾ പറഞ്ഞു.
റെയിൽവേ സ്റ്റേഷനിലേക്കും അവിടെനിന്ന് തിരികെയും നിരവധി യാത്രക്കാരാണ് ദിവസവും ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. സന്ധ്യകഴിഞ്ഞാൽ സ്ത്രീകൾക്ക് ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. അടിയന്തരമായി പ്രദേശങ്ങളിൽ പോലീസ് പട്രോളിംഗ് ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.