വിഷം കലർത്തി മത്സ്യബന്ധനം; നാലുപേർ പിടിയിൽ
1482913
Friday, November 29, 2024 1:50 AM IST
മങ്കൊമ്പ്: ഫിഷറീസ് വകുപ്പ് നടത്തിയ രാത്രികാല പട്രോളിംഗിൽ വിഷം കലർത്തി മത്സ്യബന്ധനം നടത്തിയ നാലു പേരെ പിടികൂടി. ഇന്നലെ പുലർച്ചെ രണ്ടോടെ പുളിങ്കുന്ന് കുരിശുപള്ളി ജെട്ടിക്കു സമീപത്തു മൽസ്യബന്ധനം നടത്തുന്നതിനിടെയാണ് ഇവരെ പിടി കൂടിയത്.
തലവടി ആനപ്രമ്പാൽ സ്വദേശികളായ രണ്ടു പേരെയും പുളിങ്കുന്ന് കണ്ണാടി സ്വദേശികളായ രണ്ടു പേരെയുമാണ് പിടികൂടിയത്. ഇവരിൽനിന്ന് രണ്ടു വള്ളങ്ങളും വിഷവസ്തുക്കളും പിടിച്ചെടുത്തു.
മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന വിഷവസ്തുക്കൾ കിഴികെട്ടിയ രീതിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇവരിൽനിന്നു പിടിച്ചെടുത്ത 50 കിലോയിലധികം വരുന്ന മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ കുഴിച്ചു മൂടി.
മാന്നാർ ഫിഷറീസ് സബ് ഇൻസ്പെക്ടർ എം. ദീപു, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥനായ ഷോൺ ഷാം എന്നിവർ പരിശോധനകൾക്കു നേതൃത്വം നൽകി.
കുട്ടനാടൻ ജലാശയങ്ങളിൽ നിയമവിരുദ്ധ മൽസ്യബന്ധനം നടക്കുന്നുവെന്നു വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ബുധനാഴ്ച രാത്രി ഏഴുമുതൽ ഫിഷറീസ് വകുപ്പിന്റെ സംഘം കുട്ടനാട്ടിൽ പട്രോളിംഗ് നടത്തിയിരുന്നു.