ദക്ഷിണകേരളത്തിലെ പുരാതന കല്‍ക്കുരിശ് കല്ലൂര്‍ക്കാട്ട്
1460848
Monday, October 14, 2024 2:44 AM IST
ചമ്പക്കുളം: ദക്ഷിണ കേരളത്തിലെ ഏറ്റവും പുരാതനമായ കരിങ്കല്‍ കുരിശ് സ്ഥിതി ചെയ്യുന്നത് കല്ലൂര്‍ക്കാട് ബസലിക്കയിലാണ്. കല്ലൂര്‍ക്കാട് പള്ളിയുടെ തെക്കേമുറ്റത്ത് മണി മാളികയുടെ തെക്കുഭാഗത്തായും വാദ്യപുരയുടെ (കൊട്ടുപുര) വടക്ക് കിഴക്കുഭാഗത്തായുമാണ് കരിങ്കല്‍ കുരിശുള്ളത്.
872 വര്‍ഷം പഴക്കമുള്ള കരിങ്കല്‍ കുരിശാണിത്.അഞ്ചര അടി ഉയരത്തില്‍ ഏഴര അടി ചതുരത്തില്‍ ചെത്തി മിനുസപ്പെടുത്തിയ കരിങ്കല്‍ പാളികള്‍ ചേര്‍ത്ത് അടിയില്പ്പടിയും മേലോട്ട് നിരയും ദളവും പടിത്തലയുമായി പണിചെയ്തിട്ടുള്ള ഒരു തറയിലാണ് കുരിശ് ഉറപ്പിച്ചിട്ടുള്ളത്.
പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ കുരിശിന് ചുവട്ടില്‍ പ്രാര്‍ഥിച്ച് കാണിക്ക ഇട്ട് കൃഷിക്കും മത്സ്യബന്ധനത്തിനുമായി പോകുന്ന പതിവ് ഇന്നാട്ടിലെ നാനാജാതി മതസ്ഥരായ ആളുകള്‍ പാലിച്ചു പോന്നിരുന്നു.
മുന്‍കാലങ്ങളില്‍ കൃഷിയുടെ വിളവെടുപ്പിന്റെ കാലത്ത് ആദ്യഫലം എന്ന തരത്തില്‍ നെല്‍ക്കറ്റകള്‍ കുരിശിന് ചുവട്ടില്‍ സമര്‍പ്പിച്ചിരുന്നു. മുന്‍ കാലങ്ങളില്‍ തിരുന്നാള്‍ പ്രദക്ഷിണത്തിന്റെ സമാപനത്തില്‍ സ്ലോസ ചൊല്ലിയിരുന്നത് ഈ കല്ക്കുരിശിന് മുന്നിലായിരുന്നു.
എന്നാല്‍ പിന്നീട് അത് പള്ളിയുടെ പടിഞ്ഞാറു ഭാഗത്തേക്ക് മാറ്റിയെങ്കിലും ഗ്രിഗറി ഓണംകുളം അച്ചന്റെ കാലത്ത് പഴയ രീതി പിന്തുടര്ന്ന് കുരിശിന്‍ചുവട്ടില്‍ സ്ലോസ ചൊല്ലുന്ന രീതി തിരികെക്കൊണ്ടുവന്നു.