ഷോക്കേറ്റ് മരിച്ച രാഹുൽരാജിന്റെ വീട് കൊടിക്കുന്നിൽ സുരേഷ് എംപി സന്ദർശിച്ചു
1459630
Tuesday, October 8, 2024 6:15 AM IST
ചാരുംമൂട്: കൂട്ടുകാർക്കൊപ്പം മീൻ പിടിക്കാൻ പോയി കാട്ടുപന്നിയെ തുരത്താൻ വച്ച വൈദ്യുതക്കെണിയിൽ തട്ടി ഷോക്കേറ്റ് മരിച്ച നൂറനാട് മറ്റപ്പള്ളി രാജ് ഭവനത്തിൽ രാഹുൽരാജിന്റെ വീട് കൊടിക്കുന്നിൽ സുരേഷ് എംപി സന്ദർശിച്ചു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനോ നഷ്ടപരിഹാരം ലഭ്യമാക്കാനോ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് കുടുംബം എംപിയെ അറിയിച്ചു.
അനധികൃത വൈദ്യുതക്കെണി സ്ഥാപിച്ചയാളെയും വൈദ്യുതി നൽകിയ ആളെയും കൊലപാതകക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ പോലീസ് മേധാവിയെ ഫോണിൽ വിളിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.