പുന്നമട-നെഹ്റു ട്രോഫി ; പാലം പണി നാളെ
1454201
Wednesday, September 18, 2024 11:37 PM IST
ആലപ്പുഴ: 2019ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മണ്ഡലം എംഎല്‍എയും ധനകാര്യ മന്ത്രിയുമായിരുന്ന ഡോ. ടി.എം. തോമസ് ഐസക്കാണ് പദ്ധതി വിഭാവനം ചെയ്യുകയും കിഫ് ബിയെ കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്തത്.
എന്നാല്‍, അലൈന്മെന്റില് മാറ്റം വരുത്തേണ്ടിവന്നതും വസ്തു ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വന്ന നിരവധി തടസങ്ങളും പ്രവൃത്തി നീണ്ടുപോകുവാന്‍ ഇടയാക്കി.
തുടര്‍ന്ന് 2022ല്‍ എ.എസ് പുതുക്കി നിശ്ചയിപ്പിച്ച് എല്ലാ തടസങ്ങളും നീക്കുന്നതിനുള്ള നിരന്തരമായ ഇടപെടലിന്റെ ഫലമായി ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നു. പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്.
യാത്രാക്ലേശത്തിനു
പരിഹാരം
ആലപ്പുഴ നഗരത്തില്‍നിന്നു ഒറ്റപ്പെട്ട് നില്ക്കുന്ന നെഹ്റുട്രോഫി മുനിസിപ്പല്‍ വാര്‍ഡിലേക്കുള്ള പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നെഹ്റു ട്രോഫി വാര്ഡുനിവാസികളുടെയും കൈനകരി പഞ്ചായത്തില്‍പ്പെടുന്ന നടുത്തുരുത്ത് നിവാസികളുടെയും യാത്രാക്ലേശം ഇതോടെ പരിഹരിക്കാനാവും.
ആലപ്പുഴ നഗരത്തിലെ ടൂറിസം രംഗത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ ഇതിലൂടെ കഴിയും. പുന്നമട കായലിലൂടെയുള്ള ഹൗസ്ബോട്ട് യാത്രയെ ബാധിക്കാത്ത നിലയില്‍ ദേശീയ ജലപാതയില്‍ തടസം വരാത്ത നിലയിലാണ് പാലം നിര്‍മിക്കുന്നത്. 384.1 മീറ്റര്‍ നീളമുള്ള പാലത്തിന് 12 മീറ്റര്‍ നീളമുള്ള 25 സ്പാനുകളും 72.05 മീറ്ററിന്റെ ബോ സ്ട്രിംഗ് ആര്‍ച്ച് മതൃകയിലുള്ള ജലഗതാഗത സ്പാനുകളുമാണ് ഉള്ളത്. ഇതുകൂടാതെ ഇരുകരകളിലുമായി 110 മീറ്റര്‍ അപ്രോച്ച് റോഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാലങ്ങൾ പലതും
നിർമാണത്തിൽ
57.12 കോടി രൂപ പാലം നിര്‍മാണത്തിനും 8 കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റ് അനുബന്ധ പ്രവര്‍ത്തികള്‍ക്കായി 50 ലക്ഷം രൂപയും അടക്കം 65.62 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിക്കുക. ശവക്കൊട്ട, കൊമ്മാടി പാലങ്ങള്‍ പൂര്‍ത്തീകരിച്ചത് തുറന്ന് കൊടുത്തിട്ടുണ്ട്.
മുപ്പാലത്തിന്റെ പ്രവൃത്തി പുരോഗതിയിലാണ്. ജില്ലാ കോടതി പാലത്തിന്റെ നിര്‍മാണം ടെന്‍ഡര്‍ നടപടി കഴിഞ്ഞിട്ടുണ്ട്. വിവിധ പദ്ധതികളിലായി 100 കോടിയില്‍ പരം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പൊതുമരാമത്ത് റോഡുകളുടെ പ്രവൃത്തിയില്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി മണ്ഡലത്തില്‍ നടന്നുവരുന്നത്.
ഇതോടനുബന്ധിച്ച് പൂര്‍ത്തീകരിച്ച കോളജ് ജംഗ്ഷന് - ബീച്ച് - റാണി ജംഗ്ഷന് റോഡിന്റെ ഉദ്ഘാടനവും വൈകുന്നേരം 6 ന് മന്ത്രി നിര്‍വഹിക്കും. വലിയ രണ്ട് പ്രധാന പ്രദേശങ്ങളിലെ വളരെ കാലമായിട്ടുള്ള യാത്ര ക്ലേശമാണ് ഇതിലൂടെ പരിഹരിക്കപ്പെടുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മന്ത്രി റിയാസ്
ഉദ്ഘാടനം
നാളെ വൈകുന്നേരം 5ന് പുന്നമട ജെട്ടിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. പി.പി. ചിത്തരഞ്ജന് എംഎല്‍എ അധ്യക്ഷനാകുന്ന സമ്മേളനത്തില്‍ ആലപ്പുഴ പാര്‍ലമെന്റ് അംഗം കെ.സി വേണുഗോപാല്‍ മുഖ്യാതിഥിയാകും.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.കെ ജയമ്മ സ്വാഗതം ആശംസിക്കും. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ഐഎഎസ്, ജില്ലാ പോലീസ് മേധാവി എം.പി മോഹന ചന്ദ്രന് ഐപിഎസ് തുടങ്ങിയവര്‍ സാന്നിദ്ധ്യം വഹിക്കും. കെആര്‍എഫ്ബി പ്രോജക്ട് ഡയറക്ടര്‍ അശോക് കുമാര്‍.എം റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംസാരിക്കും.