മാവേലിയെ വരവേൽക്കാൻ വഴിയോരങ്ങൾ വൃത്തിയാക്കി മുളക്കുഴ പഞ്ചായത്ത്
1453397
Sunday, September 15, 2024 12:12 AM IST
ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിലെ വഴിയോരങ്ങൾ മാവേലിയെ വരവേൽക്കാനായി ശുചീകരിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും തൊഴിലുറപ്പ് പ്രവർത്തകരുടെയും ബഹുജനങ്ങളുടെയും സഹകരണത്തോടെ -മിഴിവേകും മുളക്കുഴ -യുടെ ശുചിത്വ പരിപാലനത്തിന്റെ ഭാഗമായിട്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
എല്ലാ വാർഡിലും തൊഴിലുറപ്പ് പ്രവർത്തകർ ബഹുജനങ്ങൾ ശുചീകരണത്തിന് നേതൃത്വം നല്കി. വീടുകൾ കേന്ദ്രീകരിച്ചും ശുചീകരണം നടന്നു. മികച്ച ശുചീകരണ പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സമ്മാനങ്ങളും നല്കും. ഉത്രാടത്തിന് എല്ലാവരും ഓണ സാധനങ്ങൾ വാങ്ങുന്ന തിരക്കിലായതിനാൽ പല വാർഡുകളിലും അതിഥിത്തൊഴിലാളികളുടെ സഹായത്താൽ അവസാനഘട്ട ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
കൃഷി ചെയ്യാത്തതിനാൽ പറമ്പുകളിൽ കാട് വളർന്നിറങ്ങി റോഡിന്റെ വശങ്ങളിലേക്കും വളർന്ന് വഴിയാത്രക്കാർക്ക് ഏറെ അസൗകര്യം ഉണ്ടാകുന്നു എന്നും ചെങ്ങന്നൂർ നിയോജക മണ്ഡലം രണ്ടാം സമൃദ്ധി കൃഷിയുടെ ഭാഗമായി തൊഴിലുറപ്പ പ്രവർത്തികൾക്കു പുറമേ തരിശു കൃഷിഭൂമി കൃഷിയോഗ്യമാക്കുന്നതിന് മൂന്നുലക്ഷം രൂപ ഫണ്ട് വകയിരുത്തിയതായും പ്രസിഡന്റ് പറഞ്ഞു. കൂടാതെവർഷങ്ങളായി കൃഷി ചെയ്യാതെ തരിശ് ഇട്ടിരിക്കുന്ന ഭൂമി ഉടമകൾക്ക് തരിശു രഹിതമാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി നോട്ടീസ് നൽകുമെന്നും പ്രസിഡന്റ് കെ. കെ. സദാനന്ദൻ പറഞ്ഞു.