പോക്സോ കേസിൽ പ്രതിക്കു 35 വര്‍ഷം തടവും പിഴയും
1452580
Wednesday, September 11, 2024 11:33 PM IST
ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ചു ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ 25കാരന് 35 വര്‍ഷം തടവും രണ്ടരലക്ഷം പിഴയും വിധിച്ച് കോടതി ഉത്തരവ്. പട്ടണക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് അന്ധകാരനഴി തട്ടാശേരി റയോണ്‍ ആന്റണി (25) യെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
സമാനമായ രീതിയില്‍ ഒന്നിലേറെ കേസുകളില്‍ പ്രതിയായിരുന്നു ഇയാളെന്നു പോലീസ് പറഞ്ഞു. 2022 ഫെബ്രുവരിയില്‍ പട്ടണക്കാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 16 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പ്രതി സ്നേഹം നടിച്ചു വശീകരിച്ച് വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിലേക്ക് രണ്ടു തവണ കൂട്ടിക്കൊണ്ടുപോയി ഗുരുതരമായ ലൈംഗിക ഉപദ്രവം നടത്തുകയായിരുന്നു.
ആദ്യതവണ ലൈംഗിക ഉപദ്രവത്തിന് ശ്രമിച്ച പ്രതിയെ പെണ്‍കുട്ടി ഒഴിവാക്കുകയും അടുപ്പത്തില്‍നിന്ന് പിന്മാറുകയും ചെയ്തു. എന്നാല്‍, ആത്മഹത്യാഭീഷണി മുഴക്കി ഞരമ്പ് മുറിച്ചതായി ഫോട്ടോ കാണിച്ച് പ്രതി വീണ്ടും പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാര്ത്തികേയന്, അഡ്വ. വി.എല്‍. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.