ചങ്ങനാശേരി: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അവയുടെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന എന്‍ഐആര്‍എഫ് റാങ്കിംഗില്‍ ചങ്ങനാശേരി എസ്ബി കോളജ് 69-ാം സ്ഥാനത്ത്. ശതാബ്ദി പിന്നിട്ട കോളജ് തുടര്‍ച്ചയായി ആറാം തവണയാണ് ആദ്യ 100 കോളജുകളുടെ പട്ടികയില്‍ സ്ഥാനം പിടിക്കുന്നത്.
രാജ്യത്തെ ഐഐടികള്‍, സര്‍വകലാശാലകള്‍, കോളജുകള്‍ എന്നിവയെ മികവിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന എന്‍ഐആര്‍എഫ് റാങ്കിംഗില്‍ ഇത്തവണ 3371 കോളജുകളാണ് പങ്കെടുത്തത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 625 കോളജുകള്‍ കൂടുതലായി ഇത്തവണ പങ്കെടുത്തു. കേരളത്തില്‍നിന്നും ഇത്തവണ 16 കോളജുകളാണ് ആദ്യ 100 കോളജുകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കോട്ടയം ജില്ലയില്‍നിന്നും ആദ്യ 100 കോളജുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടു കോളജുകളില്‍ ഒന്നാം സ്ഥാനത്ത് എത്താനായെന്നതും എസ്ബിക്ക് അഭിമാനാര്‍ഹമാണ്.