മണ്ണെടുക്കുന്നതിന് പാരിസ്ഥിതികാനുമതി വേണ്ടെന്ന നയം പുനഃപരിശോധിക്കണം: എംപി
1444112
Sunday, August 11, 2024 11:20 PM IST
ചാരുംമൂട്: വികസനപദ്ധതികള്‍ക്കായി മണ്ണെടുപ്പിനു മുന്‍കൂര്‍ പാരിസ്ഥിതിക അനുമതി തേടല്‍ ഒഴിവാക്കിയ പുതുക്കിയ കേന്ദ്രനയം പുനഃപരിശോധിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഇതു സംബന്ധിച്ചുള്ള ജനങ്ങളുടെ ആശങ്ക അറിയിക്കാന്‍ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദര്‍ യാദവുമായി എം പി കൂടിക്കാഴ്ച നടത്തി. നൂറനാട് മറ്റപ്പള്ളിയിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ടു നടന്ന പ്രത്യേക സാഹചര്യം ഇത്തരം നയമാറ്റങ്ങളുടെ പ്രതികൂല പ്രത്യാഘാതങ്ങളെ ഉദാഹരിക്കുന്ന ഒരു വിഷയമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
അനിയന്ത്രിതമായ മണ്ണു ഖനന പ്രവര്‍ത്തനങ്ങള്‍ കാരണം ഈ പ്രദേശം ഇതിനകംതന്നെ ഗണ്യമായ പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്, ഇതു പ്രാദേശിക ജലാശയങ്ങളുടെ തകര്‍ച്ചയ്ക്കും മണ്ണിന്റെ ഗുണനിലവാരക്കുറവിനും പ്രദേശത്തെ ആവാസവ്യവസ്ഥയുടെ തകിടംമറിയലിനും കാരണമാകുന്നു.
ഈ പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാലമായി തങ്ങളുടെ ഉപജീവനമാര്‍ഗത്തിലും പരിസ്ഥിതിയിലും ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ കടുത്ത ആശങ്കകള്‍ എംപി പ്രകടിപ്പിച്ചു.
കേന്ദ്ര നയംമാറ്റം അനിയന്ത്രിതമായ പാരിസ്ഥിതിക തകര്‍ച്ചയിലേക്ക് നയിക്കുമെന്നും അത്തരം പദ്ധതികള്‍ക്ക് സമീപം താമസിക്കുന്ന സമൂഹങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ത്തുമെന്നും അതിനാല്‍ നയംമാറ്റം പുനഃപരിശോധിക്കണമെന്നും മണ്ണ് വേര്‍തിരിച്ചെടുക്കല്‍ ഉള്‍പ്പെടുന്ന എല്ലാ പദ്ധതികള്‍ക്കും പാരിസ്ഥിതിക വിലയിരുത്തലുകള്‍ നിര്‍ബന്ധിതമായി തുടരണമെന്നും എംപി ആവശ്യപ്പെട്ടു.