നെപ്പോളിയന് എ ഗ്രേഡ് വെപ്പ് വള്ളത്തിന്റെ മലര്‍ത്തല്‍
1443774
Sunday, August 11, 2024 2:28 AM IST
എടത്വ: തലവടിയില്‍ പുതിയതായി നിര്‍മിക്കുന്ന നെപ്പോളിയന് വെപ്പ് എ ഗ്രേഡ് വള്ളത്തിന്റെ മലര്‍ത്തല്‍ നടന്നു. കളിവള്ള ശില്പി സാബു നാരായണന് ആചാരിയുടെ നേതൃത്വത്തിലാണ് മലര്‍ത്തല്‍ കര്‍മം നടന്നത്.
വയനാട് ദുരന്തത്തില്‍ ജീവന് പൊലിഞ്ഞവര്‍ക്ക് പ്രണാമം അര്‍പ്പിച്ച് ആരംഭിച്ച പൊതുസമ്മേളനം തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ ഉദ്ഘാടനം ചെയ്തു. തലവടി ചുണ്ടന്‍വള്ളം സമിതി പ്രസിഡന്റ് ഷിനു എസ്. പിള്ള അധ്യക്ഷത വഹിച്ചു. ഫാ. റോബിന് വര്‍ഗീസ് മേടയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, അജിത്ത് പിഷാരത്ത്, ജോജി ജെ. വൈലപ്പള്ളി, ബിനു സുരേഷ്, റിക്സണ് എടത്തില്‍, അരുണ്‍ പുന്നശേരില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
2023 നവംബര്‍ 21ന് ആണ് നെപ്പോളിയന്റെ ഉളികുത്ത് കര്‍മം നടന്നത്. പ്രവാസികളും സ്വദേശിയരുമായ നെപ്പോളിയന് ടീം ആണ് വെപ്പ് എ ഗ്രേഡ് വള്ളം നിര്‍മിക്കുന്നത്. തലവടി പനമൂട്ടില്‍ പാലത്തിനു സമീപമുള്ള ഇടയത്ര ബാബു ജോര്‍ജിന്റെ പുരയിടത്തിലുള്ള മാലിപ്പുരയിലാണ് നിര്‍മാണം നടക്കുന്നത്.