ചാരുംമൂട് കേന്ദ്രമായി പുതിയ പഞ്ചായത്ത്: പ്രതീക്ഷ കൈവിടാതെ നാട്ടുകാർ
1443489
Saturday, August 10, 2024 12:00 AM IST
ചാരുംമൂട്: 2025-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡുകൾ വിഭജിക്കാനും പുതിയ പഞ്ചായത്തുകൾ രൂപവത്കരിക്കാനുമുള്ള സർക്കാർ നീക്കത്തിൽ പ്രതീക്ഷയർപ്പിച്ച് ചാരുംമൂട് നിവാസികൾ.
പലപ്രാവശ്യം നിസാരകാരണങ്ങളാൽ നഷ്ടപ്പെട്ട ചാരുംമൂട് പഞ്ചായത്ത് എന്ന സ്വപ്നം ഇക്കുറി യാഥാർഥ്യമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ചാരുംമൂട് ആസ്ഥാനമാക്കി പഞ്ചായത്ത് വേണമെന്നുള്ളത് കഴിഞ്ഞ മുപ്പതു വർഷത്തിലേറെയായുള്ള ആവശ്യമാണ്. 1997ലും 2015ലും ചാരുംമൂട് പഞ്ചായത്ത് രൂപവത്കരിച്ച് വിജ്ഞാപനമിറങ്ങിയിരുന്നു.
1997ൽ പഞ്ചായത്ത് രൂപവത്കരണ നടപടികൾ അവസാനഘട്ടത്തിലെത്തിയപ്പോൾ സംസ്ഥാനത്തു പുതുതായി പഞ്ചായത്തുകളൊന്നും രൂപവത്കരിക്കേണ്ടെന്ന ഹൈക്കോടതി ഉത്തരവുവന്നു.
കരിമുളയ്ക്കൽ കേന്ദ്രീകരിച്ച് മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി 5.22 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി കിട്ടിയിട്ടുണ്ട്. എം.എസ്. അരുൺ കുമാർ എംഎൽഎയുടെ നേതൃത്വത്തിലാണ് ഇതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നത്. സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തിയാകുന്നതോടെ നിർമാണം തുടങ്ങും.
പഞ്ചായത്ത്, വില്ലേജ് ഓഫീസുകളടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിപ്പിക്കാൻ കഴിയും. 2015 ജനുവരി 14ന് ചാരുംമൂട് പഞ്ചായത്ത് രൂപവത്കരിച്ച് യുഡിഎഫ് സർക്കാർ വിജ്ഞാപനമിറക്കി. നൂറനാട്, ചുനക്കര, താമരക്കുളം പഞ്ചായത്തുകൾ വിഭജിച്ച് ചാരുംമൂട് പഞ്ചായത്ത് സ്ഥാപിക്കാനായിരുന്നു തീരുമാനം.
നൂറനാട് പഞ്ചായത്തിലെ ഇടക്കുന്നം, പുതുപ്പള്ളിക്കുന്നം വടക്ക്, പുതുപുള്ളിക്കുന്നം തെക്ക്, തത്തംമുന്ന വാർഡുകളും ചുനക്കര പഞ്ചായത്തിലെ തെക്കുംമുറി രണ്ടു വാർഡുകളും കരിമുളയ്ക്കലിലെ മൂന്നു വാർഡുകളും താമരക്കുളം പഞ്ചായത്തിലെ കണ്ണനാകുഴി മൂന്നു വാർഡുകളും പേരൂർകാരാണ്മ, കൊട്ടയ്ക്കാട്ടുശേരി വാർഡുകളും ചേർത്ത് ചാരുംമൂട് പഞ്ചായത്ത് രൂപവത്കരിക്കാനാണ് നിർദേശമുണ്ടായിരുന്നത്.
വാർഡ് വിഭജനമുൾപ്പെടെയുള്ള നടപടികൾ നടത്തിയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പഞ്ചായത്ത് എന്ന സ്വപ്നം അപ്പോഴും സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല.കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിനു മുന്നോടിയായി 2020 ജനുവരിയിൽ പഞ്ചായത്തുകളിലെ വാർഡുകളുടെ വിഭജനം നടത്താൻ സർക്കാർ തീരുമാനിച്ചതോടെ ചാരുംമൂട് പഞ്ചായത്തെന്ന സ്വപ്നത്തിനു വീണ്ടും ജീവൻവച്ചിരുന്നു.
വാർഡുകൾ പുനർനിർണയിക്കാനും പുതുതായി രൂപവത്കരിക്കേണ്ട തദ്ദേശസഥാപനങ്ങളെക്കുറിച്ച് ശുപാർശ നൽകാനും തദ്ദേശഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അധ്യക്ഷനായുള്ള സമിതി അന്നു രൂപവത്കരിച്ചു.
ചാരുംമൂട് പഞ്ചായത്തും ഇതിൽ ഉൾപ്പെടുത്താൻ സമിതി തീരുമാനിച്ചിരുന്നെങ്കിലും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് പഞ്ചായത്തു രൂപവത്കരണം നടന്നില്ല.