നാട്ടുകാർക്ക് ഭീഷണിയായിരുന്ന പരുന്തിനെ പിടികൂടി
1423605
Sunday, May 19, 2024 11:04 PM IST
ഹരിപ്പാട്: ചിങ്ങോലി എട്ടാം വാർഡിലെ താമസക്കാർക്കു ഭീഷണിയായിരുന്ന പരുന്തിനെ ഫോറസ്റ്റ് റസ്ക്യൂവറെത്തി പിടികൂടി. കഴിഞ്ഞ മൂന്നു മാസത്തിലേറെയായി പ്രദേശത്തെ നാട്ടുകാർക്ക് ശല്യമായിരുന്ന രണ്ടു പരുന്തുകളിലൊന്നിനെയാണ് പിടികൂടിയത്. താമസക്കാർക്ക് വീടിനു വെളിയിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതിയായിരുന്നു.
കുട്ടികളടക്കം പലർക്കും പരുന്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു. ഒരു കുട്ടിയെ നാലു തവണ പരുന്ത് ആക്രമിച്ചു. മീൻ വിൽപനക്കാർക്കും പരുന്ത് വലിയ ശല്യമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മീൻവിൽപ്പനക്കാരൻ ചികിത്സ തേടുകയും ചെയ്തു. പഞ്ചായത്തംഗം അനീഷ് എസ്. ചേപ്പാട് അറിയിച്ചതിനെത്തുടർന്നാണ് ഫോറസ്റ്റ് റസ്ക്യൂവർ ചാർളി വർഗീസെത്തിയത്. റാന്നിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരുന്തിനെ കൈമാറും. രണ്ടു മാസം മുൻപ് ചിങ്ങോലി ഏഴാം വാർഡിലെ കിഴക്കൻ പ്രദേശത്തെ വീട്ടുകാർക്ക് ഭീഷണിയായ മറ്റൊരു പരുന്തിനെയും പിടികൂടിയിരുന്നു.