രാജശ്രീ പിള്ളയെ ഷാൾ അണിയിച്ച് ശോഭാ സുരേന്ദ്രൻ
1417758
Sunday, April 21, 2024 5:11 AM IST
ഹരിപ്പാട്: കോൺഗ്രസ് കാർത്തികപ്പള്ളി ബ്ലോക്ക് ജനറൽ സെക്രട്ടറി മുതുകുളം ഹിമയിൽ രാജശ്രീ പിള്ള ബിജെപിയിൽ ചേര്‍ന്നു. കോൺഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തിൽ മനം മടുത്താണ് താൻ ആ പ്രസ്ഥാനം ഉപേക്ഷിക്കുന്നതെന്ന് അവർ പറഞ്ഞു. ഭാരതത്തെ നേരായ വഴിയിൽ നയിക്കുന്ന മോദിജിയുടെ കരങ്ങൾക്കു ശക്തിപകരാൻ തന്റെ സമസ്തശേഷിയും ഉപയോഗിച്ച് പ്രവർത്തിക്കുമെന്നും രാജശ്രീ പിള്ള പറഞ്ഞു.
ആലപ്പുഴ പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ രാജശ്രീ പിള്ളയെ കാവി ഷാൾ അണിയിച്ച് ഭാരതീയ ജനതാ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ദശാബ്ദങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള രാഷ്ട്രീയ തറവാട്ടിലെ അംഗമായ രാജശ്രീപിള്ള, മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. ദീർഘകാലം മുതുകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന ശിവരാമപ്പണിക്കരുടെ മകളാണ് രാജശ്രീ പിള്ള.