ടിപ്പർ ലോറിയിൽനിന്ന് ചെമ്മണ്ണ് തെറിച്ചുവീണു; അപകടം ഒഴിവായി
1416325
Sunday, April 14, 2024 5:00 AM IST
എടത്വ: ഓടിക്കൊണ്ടിരിക്കുന്ന ടിപ്പർ ലോറിയിൽനിന്ന് ചെമ്മണ്ണ് തെറിച്ചുവീണു. തിരക്കേറിയ പാതയാണങ്കിലും തൊട്ടുപിന്നിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. എടത്വ-തകഴി സംസ്ഥാനപാതയിൽ ഇന്നലെ വൈകിട്ട് അഞ്ചിന് പച്ച ജംഗ്ഷനിലാണ് ലോറിയിൽനിന്ന് റോഡിലേക്ക് ചെമ്മൺ അടർന്നുവീണത്.
ടിപ്പർ ലോറിയിൽ കയറ്റാവുന്നതിലും അമിത ലോഡ് നിറച്ചാണ് സർവീസ് നടത്തുന്നത്. മറ്റ് വാഹനങ്ങൾക്ക് സൈഡ് നൽകുമ്പോൾ ചെമ്മണ്ണും കരിങ്കൽ ചീളുകളും റോഡിലേക്ക് ചിതറുന്നത് പതിവാണ്. ലോഡിന് മുകളിൽ പടുത മൂടണമെന്ന് നിർദേശമുണ്ടെങ്കിലും പാലിക്കാതെയാണ് ടിപ്പർ ലോറികൾ സർവീസ് നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.