സാമ്പത്തിക പ്രതിസന്ധി: മെഡിക്കൽ കോളജ് ആശുപത്രിയും പ്രതിസന്ധിയിൽ
1396692
Friday, March 1, 2024 11:19 PM IST
അന്പലപ്പുഴ: സർക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി മെഡിക്കൽ കോളജ് ആശുപത്രിയെയും ബാധിക്കുന്നു. അഡ്മിഷൻ ബുക്കിന് ആരുമറിയാതെ 30 രൂപ ഏർപ്പെടുത്തി. പ്രതിഷേധമുയർന്നപ്പോൾ മണിക്കുറുകൾക്കകം തീരുമാനം പിൻവലിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് വികസന സമിതിയെ നോക്കുകുത്തിയാക്കി അഡ്മിഷൻ ബുക്കിന് 30 രൂപ നിരക്ക് ഏർപ്പെടുത്തിയത്.
നിലവിൽ 16 രൂപയായിരുന്ന അഡ്മിഷൻ ബുക്കിന് ഇന്നലെ രാവിലെ മുതൽ 30 രൂപ ഈടാക്കാനാണ് ഉത്തരവിലൂടെ സൂപ്രണ്ട് നിർദേശം നൽകിയത്. ആശുപത്രിയിൽ കിടത്തിച്ചികിത്സയ്ക്കായി വരുന്ന രോഗികൾക്ക് നൽകുന്ന അഡ്മിഷൻ ബുക്ക് സർക്കാർ പ്രസിൽ നിന്ന് ലഭ്യമാകാത്ത സാഹചര്യത്തിലാണ് സ്വകാര്യ പ്രസിൽ പ്രിന്റ് ചെയ്യാൻ 30 രൂപ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിഷൻ ബുക്ക് തീർന്നതിനാൽ എറണാകുളം ജനറൽ ആശുപത്രിയിൽനിന്ന് 2000 ബുക്ക് എത്തിച്ചിരുന്നു. ഇതും തീർന്നതോടെയാണ് സ്വകാര്യ പ്രസിൽ ബുക്ക് പ്രിന്റ് ചെയ്യാൻ 30 രൂപയീടാക്കാൻ തീരുമാനിച്ചത്. എംപി, എംഎൽഎ, പ്രിൻസിപ്പൽ, സൂപ്രണ്ട്, ആർഎംഒ എന്നിവരടങ്ങുന്ന എംപവർ കമ്മിറ്റിയാണ് അഡ്മിഷൻ ബുക്കിന് 30 രൂപ ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് സൂചനയുണ്ട്. ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ആർഎംഒ ഡോ. ലക്ഷ്മിയുമായി കോൺഗ്രസ് പ്രവർത്തകർ ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പിന്നീട് തീരുമാനം പിൻവലിക്കാൻ തീരുമാനിച്ചു. തീരുമാനം ആർഎംഒ രേഖാമൂലം എഴുതി നൽകുകയും ചെയ്തു.