അമ്മയെ മർദിച്ചു കൊലപ്പെടുത്തിയ മകൻ റിമാൻഡിൽ
1395970
Tuesday, February 27, 2024 11:35 PM IST
കായംകുളം: അമ്മയെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ റിമാൻഡിൽ. കായംകുളം പുതുപ്പള്ളി വടക്ക് വടക്കേ ആഞ്ഞിലിമൂട് ജംഗ്ഷനു തെക്കുവശം പണിക്കശേരിൽ വീട്ടിൽ തങ്കപ്പന്റെ ഭാര്യ ശാന്തമ്മയെ (72) മർദിച്ചു കൊലപ്പെടുത്തിയ കേസിലാണ് ഇളയ മകനായ ബ്രഹ്മദേവനെ (43) റിമാൻഡ് ചെയ്തത്.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതിനെത്തുടർന്ന് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സ്ഥിരം മദ്യപിക്കുന്ന ശാന്തമ്മ സമീപത്തെ കണിയാമുറി അമ്പലത്തിലെ ആറാട്ട് ഉത്സവ സമയം മദ്യപിച്ച് ബോധം കെട്ട് കിടന്ന് നാണം കെടുത്തിയതിൽ ഇളയ മകനായ പ്രതിക്കുണ്ടായ വിരോധമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.
പോസ്റ്റ്മാർട്ടം പരിശോധനയിൽ ശാന്തമ്മയുടേത് സാധാരണ മരണമല്ലെന്നും കൊലപാതകമാണെന്നും കണ്ടെത്തിയതിനെ തുടർന്ന് ശാന്തമ്മയോടൊപ്പം താമസിച്ചിരുന്ന ഇളയ മകനായ ബ്രഹ്മദേവനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്തിയത് ബ്രഹ്മദേവനാണെന്ന് പോലീസ് കണ്ടെത്തിയത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കായംകുളം ഡിവൈഎസ്പി അജയ്നാഥിന്റെ മേൽനോട്ടത്തിൽ സിഐ ഗിരിലാൽ, എസ്ഐമാരായ ഉദയകുമാർ, രതീഷ് ബാബു, അജിത്ത്, എഎസ്ഐ ജോളി, പോലീസ് ഉദ്യോഗസ്ഥരായ റെജി, രതീഷ്, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.