മുഹമ്മ കമ്യൂണിറ്റി ഹെൽത്ത് സെന്റർ ജനത്തിന് പ്രയോജനപ്പെടുന്നില്ലെന്ന്
1338215
Monday, September 25, 2023 9:44 PM IST
മുഹമ്മ: മുഹമ്മ പബ്ലിക് ഹെൽത്ത് സെന്റർ കമ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തിയെങ്കിലും ജനത്തിന് പ്രയോജനപ്പെടുന്നില്ലെന്ന് ആക്ഷേപം. പിഎച്ച് സിയായിരുന്നപ്പോൾ ഗൈനിക്, ചിൽഡ്രൻസ്, ഓർത്തോ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. മിനി ഓപ്പറേഷൻ തിയറ്റർ ഉൾപ്പെടെയുള്ള ഡിപ്പാർട്ടുമെന്റുകളും പ്രവർത്തിച്ചിരുന്നു.
എന്നാൽ, ഇപ്പോൾ ലാബ്, ഇസിജി സൗകര്യങ്ങൾ മാത്രമാണുള്ളത്. മറ്റ് ടെസ്റ്റുകൾക്കും ചികിത്സകൾക്കും പുറത്തുള്ള സ്ഥാപനങ്ങളെ ആശ്രയിക്കണം.
കമ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തുമ്പോൾ ആരോഗ്യരംഗത്ത് കാതലായ മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. എന്നാൽ, വാഗ്ദാനങ്ങൾ കടലാസിൽ ഒതുങ്ങുകയായിരുന്നു.
നിലവിലുണ്ടായിരുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിനെത്തു ടർന്നുണ്ടായ സ്ഥല പരിമിതിയാണ് താളപ്പിഴ സൃഷ്ടിക്കുന്നത്. പഴയമന്ദിരങ്ങളിൽ പ്രവർത്തിച്ചിരുന്ന ഡിപ്പാർട്ടുമെന്റുകളും ഒപികളും ഇപ്പോൾ പരിമിതികളോടെയാണ് പ്രവർത്തിക്കുന്നത്.
രാത്രികാലങ്ങളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടെങ്കിലും ഹൗസ് സർജന്റെ സേവനം മാത്രമാണ് രോഗികൾക്ക് ആശ്രയം. പ്രഥമ ശുശ്രൂഷയ്ക്കുശേഷം വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
മുഹമ്മയ്ക്കു പുറമേ മണ്ണഞ്ചേരി, കഞ്ഞിക്കുഴി, തണ്ണീർമുക്കം പഞ്ചായത്തുകളിലെ ജനങ്ങളും ഈ ആതുരാലയത്തെ ആശ്രയിക്കുന്നുണ്ട്. ദേശീയപാതയിൽ അപകടങ്ങളിൽപ്പെടുന്നവർ ഉൾപ്പെടെ മുഹമ്മ ആശുപത്രിയിൽ എത്തുന്നുണ്ട്.
മുഹമ്മ - കഞ്ഞിക്കുഴി റൂട്ടിൽ വാഹന യാത്ര സുഗമമാണെങ്കിലും മറ്റ് റൂട്ടുകളിലൂടെ ആശുപത്രിയിൽ എത്തുക വളരെ ശ്രമകരമാണ്. ആശുപത്രിക്കു മുന്നിൽ നിന്ന് തെക്കുഭാഗത്തേക്കുള്ള റോഡ് പൂർണമായും തകർന്ന് കിടക്കുകയാണ്. വടക്കുഭാഗത്ത് നിന്നുള്ളവർക്കും ആശുപത്രിയിൽ സുഗമമായി എത്താൻ കഴിയില്ല. റോഡ് കാൽനടയാത്ര പോലും സാധ്യമല്ലാത്ത രീതിയിൽ തകർന്നു കിടക്കുകയാണ്.
സിഎച്ച്സിക്ക് സ്വന്തമായി വാഹനമില്ലെന്നതും പരിമിതിയാണ്. നിലവിലുണ്ടായിരുന്ന വാഹനം കാലപ്പഴക്കത്തെതുടർന്ന് ഉപയോഗശൂന്യമായി.
സബ് സെന്ററിലേക്കുള്ള ജീവനക്കാരെ കൊണ്ടുപോകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഈ വാഹനമായിരുന്നു ആശ്രയം. പുതിയ വാഹനം വേണമെന്ന ആവശ്യം ശക്തമാണെങ്കിലും നടപടിയില്ല.