വൈഎംസിഎ ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് ഒടിഞ്ഞുതൂങ്ങി
1337581
Friday, September 22, 2023 10:57 PM IST
ആലപ്പുഴ: തിരക്കേറിയ വൈഎംസിഎ പാലം ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് അപകടകരമായി ഒടിഞ്ഞുതൂങ്ങി. ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചതിനു അടുത്ത ദിവസം തന്നെ വാഹനമിടിച്ച് പോസ്റ്റ് ചെരിഞ്ഞാണ് നിന്നിരുന്നത്. ഇതിനെതിരേ നാട്ടുകാർ അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തതാണ്.
തിരക്കേറിയ ആറു റോഡുകള്‍ സംഗമിക്കുന്ന വൈഎംസിഎ പാലം ജംഗ്ഷനില്‍ അശാസ്ത്രീയമായിട്ടാണ് ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് തുടക്കകാലം മുതല്‍ ചൂണ്ടിക്കാണിക്കുന്നതാണ്. മരച്ചില്ലകളുടെ മറവും മങ്ങിത്തെളിയുന്ന ലൈറ്റുകളും അന്നേ മറ്റു പ്രശ്നങ്ങളായിരുന്നു. ഡ്രൈവര്‍മാര്‍ക്ക് ആശയക്കുഴപ്പം മാത്രമാണുണ്ടാക്കിയിരുന്നത്.
ജംഗ്ഷനില്‍ കാല്‍നടയാത്രക്കാര്‍ക്ക് നടക്കാനുള്ള റോഡിന്റെ വശത്തെ ഇടുങ്ങിയ ഭാഗങ്ങളില്‍ സദാസമയവും കാഴ്ച, സഞ്ചാര തടസമുണ്ടാകുന്ന വിധത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുള്ള ആവശ്യവും ഒരിക്കലും അധികൃതര്‍ പരിഗണിച്ചിട്ടില്ല.
നേരത്തേ ബസുകളും മറ്റും വളവില്‍ പാഞ്ഞുവരുന്ന ഭാഗങ്ങളില്‍ റോഡില്‍ കസേരകളിട്ട് അനധികൃത വഴിവാണിഭം വര്‍ഷങ്ങളായി നടത്തിയിരുന്നു.
അധികൃതര്‍ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ നടത്തിപ്പുകാര്‍ താനെ സ്ഥലം മാറുകയായിരുന്നു.