കണ്ടിയൂരില്‍ കത്തിയ കാര്‍ വിദഗ്ധ സംഘം പരിശോധിച്ചു
1336586
Tuesday, September 19, 2023 12:01 AM IST
മാവേലിക്കര: കണ്ടിയൂരില്‍ യുവാവിന്റെ മരണത്തിനു കാരണമായി കത്തിയ കാര്‍ വിദഗ്ധ സംഘം പരിശോധിച്ചു. കണ്ടിയൂര്‍ അമ്പലമുക്ക് ജ്യോതി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റും കാട്ടില്‍ കൃഷ്ണ പ്രകാശിന്റെ (കണ്ണന് -35) കാർ കത്തി പൊള്ളലേറ്റു മരിച്ച സംഭവത്തക്കുറിച്ചു പഠിക്കാനാണ് സംഘം എത്തിയത്.
അപകടം ഉണ്ടായ അമ്പലമുക്ക് ജ്യോതി വീട്ടിലും ഇപ്പോള്‍ പോലീസ് സ്റ്റേഷന് വളപ്പിന് പുറത്ത് സൂക്ഷിച്ചിരിക്കുന്ന കാറും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്ത്, ട്രാഫിക് ഐജി സര്ജന് കുമാര്‍, ഫോറന്‍സിക് മുന്‍ ജോയിന്റ് ഡയറക്ടര്‍ .പി.എസ്. സുനില്‍, ഡെപ്ട്രോണ് കണ്ട്രി മാനേജന്‍ കെ.ജെ. രമേശ് , എസ്.സി.എം.എസ് കൊച്ചി പ്രഫ. ഡോ.ബി.മനോജ് കുമാര്‍, എസ്.ഇ.റ്റി എൻജിനിയറിംഗ് കോളജ് പ്രഫ. ഡോ.കമാല്‍ കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധിച്ചത്.
മൂന്നു വര്‍ഷത്തിനിടെ കാറുകള്‍ കത്തിയ 207 സംഭവങ്ങളാണ് കേരളത്തില്‍ ഉണ്ടായത്. ഇതില്‍ ആറ് പേര് മരിച്ചു. 4 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ദസംഘത്തിന്റെ പരിശോധനയെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു.