കെ-ഫോൺ ഉദ്ഘാടനം ഇന്ന് 900 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ
1300131
Sunday, June 4, 2023 11:23 PM IST
ആലപ്പുഴ: എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതി ഇന്നു ജില്ലയിലും യാഥാർഥ്യമാകും. വൈകുന്നേരം നാലിനു നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ 14,000 വീടുകളിലും കെ-ഫോൺ ഇന്റർനെറ്റ് എത്തും.
ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലെ 900 ബിപിഎൽ കുടുംബങ്ങളിലേക്ക് കെ-ഫോൺ കണക്ഷൻ എത്തും. 21 പി.ഒ.പി ( പോയിന്റ് ഓഫ് പ്രെസന്റ്സ് ) തയ്യാറാക്കിയിട്ടുണ്ട്. കെ - ഫോൺ കണക്ഷൻ സ്ഥാപിക്കേണ്ട ജില്ലയിലെ 1,961 സർക്കാർ ഓഫീസുകളിലെ 1,630 ഓഫീസുകളിലും എല്ലാ ഉപകരണങ്ങളും സജ്ജീകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഇന്നു നടക്കുന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തിലും പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ചെങ്ങന്നൂരിൽ
ഉദ്ഘാടനം
ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ മാന്നാർ നായർ സമാജം സ്കൂളിൽ സംഘടിപ്പിക്കുന്ന ചടങ്ങ് ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ് അധ്യക്ഷതവഹിക്കും. മാവേലിക്കര നിയോജക മണ്ഡലത്തിലെ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിക്കുന്ന പരിപാടിയിൽ എം.എസ്. അരുൺകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികൾ പങ്കെടുക്കും. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ പള്ളിപ്പാട് വഴുതാനം യുപി സ്കൂളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷത വഹിക്കും.
കുട്ടനാട് നിയോജകമണ്ഡലത്തിലെ. കരുമാടി കെ. കെ. കുമാരപിള്ള സ്മാരക ഗവൺമെന്റ് ഹൈസ്കൂൾ അങ്കണത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങ് തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. .
കായംകുളം നിയോജക മണ്ഡലത്തിലെ കൊയ്പ്പള്ളി കാരായ്മ ഹൈസ്കൂളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ യു. പ്രതിഭ എംഎൽഎ അധ്യക്ഷത വഹിക്കും. അഡ്വ. എ. എം ആരിഫ് എംപി മുഖ്യാതിഥിയാകും. കായംകുളം നഗരസഭ ചെയർപേഴ്സൺ പി ശശികല സ്വാഗതം ആശംസിക്കും.
അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ കെ. കെ. കുഞ്ചുപിള്ള മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങ്
എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഹരിത വി. കുമാർ അധ്യക്ഷത വഹിക്കും. ആലപ്പുഴ നഗരസഭ ചെയർമാൻ സൗമ്യ രാജ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് തുടങ്ങിയവർ പങ്കെടുക്കും.
ആലപ്പുഴ നിയോജകമണ്ഡലത്തിലെ എസ്.ഡി.വി ബോയ്സ് സ്കൂളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പി.പി ചിത്തരജ്ഞൻ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ആര്യയുടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മഹീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
ചേർത്തല നിയോജക മണ്ഡലത്തിലെ ചാരമംഗലം ഗവൺമെന്റ് സംസ്കൃത ഹൈസ്കൂളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. ചേർത്തല മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഷേർലി ഭാർഗവൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
അരൂർ നിയോജകമണ്ഡലത്തിലെ പള്ളിപ്പുറം പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി .എം. പ്രമോദ് അധ്യക്ഷതവഹിക്കും.