ശാന്തിഭവനിൽ മനോജ് സിംഗിനെ തേടി മകൻ അഭിഷേക് സിംഗ് എത്തി
1282636
Thursday, March 30, 2023 10:56 PM IST
അമ്പലപ്പുഴ: പതിനൊന്നു വർഷമായി പുന്നപ്ര ശാന്തിഭവനിൽ അന്തേവാസിയായി കഴിയുന്ന ബീഹാർ സ്വദേശി മനോജ് സിംഗിനെതേടി മകൻ അഭിഷേക് സിംഗ് ശാന്തിഭവനിൽ.
പുന്നപ്ര ശാന്തിഭവനിൽ കഴിയുന്ന ബീഹാർ ചപ്ര സ്വദേശി മനോജ് സിംഗ് (50) നെ കൊണ്ടുപോകാനായി മകൻ അഭിഷേക് സിംഗ് ആണ് ശാന്തി ഭവനിൽ എത്തിയത്. മുബൈയിൽ സ്വകാര്യകമ്പനിയിൽ ജോലി ചെയ്തിരുന്ന മനോജ് സിംഗ് പതിനൊന്നു വർഷങ്ങൾക്കു മുൻപ് ബീഹാറിലേക്ക് ട്രെയിനിൽ പോകുന്നതിനിടെ കാണാതാകുകയായിരുന്നു. ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും വിവിധ സ്ഥലങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
മനോജ് സിംഗിനെ കാണാതായ വിഷമത്തിൽ കഴിഞ്ഞിരുന്ന ഭാര്യ വിഭാദേവി നാലു വർഷം കഴിഞ്ഞപ്പോൾ മരണപ്പെട്ടു. അന്ന് എട്ടു വയസ് പ്രായം മാത്രമുണ്ടായിരുന്ന മകൻ അഭിഷേക് സിംഗ് ഇന്നു ഡൽഹിയിൽ സിവിൽ സർവീസ് പരീക്ഷയുടെ തയാറെടുപ്പിലാണ്. ഗാന്ധിഭവൻ പ്രവർത്തകരാണ് മനോജ് സിംഗിനെക്കുറിച്ചുള്ള വിവരങ്ങൾ ബീഹാർ പോലീസിൽ അറിയിക്കുന്നത്. പത്തിൽ പഠിക്കുന്ന മകൾ സിമ്റാന് അന്ന് രണ്ടു വയസായിരുന്നു പ്രായം. എങ്ങനെ ശാന്തിഭവനിൽ എത്തിയെന്ന് മനോജ് സിംഗിന് ഓർമയില്ല. ആലപ്പുഴയിലെ കടത്തിണ്ണയിൽ അവശനായ ഇദ്ദേഹത്തെ നാട്ടുകാരാണ് പുന്നപ്ര ശാന്തി ഭവനിൽ എത്തിച്ചത്. അഭിഷേകിനൊപ്പം മനോജ് സിംഗിന്റെ സഹോദരിയുടെ മകൻ വിഷാൽ സിംഗും ഉണ്ടായിരുന്നു.