കരിമണൽ ഖനനത്തിനെതിരേ ഹർജി
1265423
Monday, February 6, 2023 10:54 PM IST
അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം നിർത്തിവയ് ക്കാൻ സുപ്രീംകോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹർജി നൽകി. ഖനനം നിയമ വിരുദ്ധമാണെന്നും കേന്ദ്രത്തിന്റെയോ പരിസ്ഥിതി മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെയാണ് മണ്ണ് നീക്കം നടക്കുന്നത്. യതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ നടക്കുന്ന നടപടി അവസാനിപ്പിക്കാൻ സുപ്രീം കോടതി നിർദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു.
കുട്ടനാട്ടിലെ പ്രളയം തടയാനാണ് മണ്ണ് മാറ്റുന്നത് എന്ന വാദം പുകമറ മാത്രമാണ്. തീരമേഖല നിയന്ത്രണ വിജ്ഞാപനത്തിനും പരിസ്ഥിതി സംരക്ഷണ നിയമത്തിനും വിരുദ്ധമായിട്ടാണ് ഈ നടപടിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കൂടാതെ ദുരന്തനിവാരണ നിയമത്തിന്റെ പേരിൽ കരിമണൽ ഉൾപ്പെടെ ധാതുസമ്പുഷ്ടമായ മണൽത്തിട്ട അനധികൃതമായി നീക്കുന്നു. മണൽ നീക്കുന്നതിനാൽ തീരം ഇടിയുന്നത് ഇവിടത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും ബാധിക്കുന്നതായി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു. കേസിൽ കേന്ദ്രത്തെയും കക്ഷിയാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്.
തോട്ടപ്പള്ളി സ്വദേശി സുരേഷ് കുമാറാണ് ഹർജി നൽകിയത്. അഭിഭാഷകൻ ജയിംസ് പി. തോമസാണ് ഹർജി സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്. നേരത്തെ ഖനനത്തിനെതിരേ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു.