ചെറുതന പഞ്ചായത്തിൽ ശുദ്ധജലക്ഷാമം രൂക്ഷം
1246051
Monday, December 5, 2022 10:52 PM IST
ഹരിപ്പാട്:ചെറുതനപഞ്ചായത്തിൽ ശുദ്ധജല ക്ഷാമം രൂക്ഷമാകുന്നു. പഞ്ചായത്തിന്റെ വടക്കൻ മേഖലയായ ആനാരി, ആയാപറമ്പ്, ചെറുതന പാണ്ടി തുടങ്ങിയ സ്ഥലങ്ങളിലാണ് ശുദ്ധജല ക്ഷാമം. ചെറുതന ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയിൽ വടക്കേക്കരയിൽ സ്ഥാപിച്ച പമ്പ് ഹൗസിലെ കുഴൽക്കിണർ തകരാറിലായതാണ് ശുദ്ധജല ക്ഷാമം രൂക്ഷമാകാൻ കാരണം.
കുഴൽക്കിണർ തകരാറിലായതോടെ മാസങ്ങളായി പമ്പ് ഹൗസ് പ്രവർത്തിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഈ ശുദ്ധജല പദ്ധതിയിൽ നിന്നു രണ്ടായിരത്തോളം കുടുംബങ്ങൾക്കാണ് പ്രയോജനം ലഭിച്ചിരുന്നത്. പുതിയ കുഴൽക്കിണർ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചെറുതന പഞ്ചായത്തിൽ തനത് ഫണ്ടില്ലാത്തതിനാൽ പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് എബിമാത്യു ആലപ്പുഴ കളക്ട്രേറ്റില്‍ കുടിവെള്ള അവലോകനയോഗത്തിലെത്തിയ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി.