കുടുംബ കൂട്ടായ്മ-ഡിഎഫ്സി അതിരൂപതാ നേതൃകൺവൻഷൻ
1223936
Friday, September 23, 2022 10:27 PM IST
ചങ്ങനാശേരി: കേരളസഭാ നവീകരണം - തോമ്മാശ്ലീഹാ വർഷാചരണം എന്നിവയുടെ ഭാഗമായി ചങ്ങനാശേരി അതിരൂപത കുടുംബകൂട്ടായ്മയുടെയും ദീപിക ഫ്രണ്ട്സ് ക്ലബിന്റെയും നേതൃകൺവൻഷൻ ചങ്ങനാശേരി കത്തീഡ്രൽ പാരിഷ് ഹാളിൽ 28ന് രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ നടക്കും.
ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിക്കും. അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ, ദീപിക സർക്കുലേഷൻ മാനേജരും ഡിഎഫ്സി സംസ്ഥാന ജോയിന്റ് ഡയറക്ടറുമായ ഫാ. ജിനോ പുന്നമറ്റം, ഡിജിറ്റൽ ദീപിക ചീഫ് ന്യൂസ് കോ ഓർഡിനേറ്റർ ഫാ. നോബിൾ പാറയ്ക്കൽ എന്നിവർ ആനുകാലിക വിഷയങ്ങളെക്കുറിച്ചുള്ള വിവിധ സെഷനുകൾ നയിക്കും.
കത്തീഡ്രൽ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ, കുടുംബ കൂട്ടായ്മ ഡിഎഫ്സി അതിരൂപത ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ, ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് സണ്ണി പുളിങ്കാല, അതിരൂപത പ്രസിഡന്റുമാരായ ആന്റണി തോമസ് മലയിൽ, ആൻസി മാത്യു ചേന്നോത്ത്, കുടുംബ കൂട്ടായ്മ അതിരൂപത ജനറൽ കൺവീനർ ജോസഫ് ആന്റണി പവ്വത്തിൽ എന്നിവർ പ്രസംഗിക്കും.
ചങ്ങനാശേരി അതിരൂപതയിലെ 15 ഫൊറോനകളിലെ എല്ലാ ഇടവകകളിൽനിന്നുമുള്ള ഡിഎഫ്സി പുരുഷ - വനിത പ്രസിഡന്റുമാർ, കുടുംബ കൂട്ടായ്മ ആനിമേറ്റർ സിസ്റ്റർ, കുടുംബ കൂട്ടായ്മ ജനറൽ കൺവീനർ, ജനറൽ സെക്രട്ടറി അടക്കം ഓരോ ഇടവകകളിൽനിന്നും അഞ്ച് പ്രതിനിധികൾ കൺവൻഷനിൽ പങ്കെടുക്കും.
കുടുംബ കൂട്ടായ്മയുടെയും ഡിഎഫ്സിയുടെയും ഫൊറോന ഡയറക്ടർമാർ, ഫൊറോനാ ഭാരവാഹികൾ, അതിരൂപത ഭാരവാഹികൾ എന്നിവർ കൺവൻഷന് നേതൃത്വം നൽകും. കർമപദ്ധതികളുടെ അതിരൂപതാതല ഉദ്ഘാടനം കൺവൻഷനിൽ നിർവഹിക്കും. വിവരങ്ങൾക്ക് -8848492369, 9388851627.