പോത്തിനെ കശാപ്പു ചെയ്തു കടത്തിക്കൊണ്ടുപോയ കേസില്‍ രണ്ടു പേര് അറസ്റ്റില്‍
1600818
Sunday, October 19, 2025 4:02 AM IST
ചിറ്റാര്‍: റബര്‍ത്തോട്ടത്തില്‍ മേയാന്‍ വിട്ട പോത്തിനെ കശാപ്പു ചെയ്തു പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ടു പോയ കേസില്‍ രണ്ടു പേര് അറസ്റ്റില്‍. ചിറ്റാര്‍ പാമ്പിനി കൃഷ്ണമംഗലത്ത് വീട്ടില്‍ ജിതിന്‍കുമാര്‍ (27), ആങ്ങമൂഴി ഇടുപ്പുകല്ലില്‍ പുത്തന്‍വീട്ടില്‍ പ്രമോദ് (27) എന്നിവരാണ് അറസ്റ്റിലായത്. റാന്നി - പെരുനാട് ബിമ്മരം ഈട്ടിമൂട്ടില്‍ വീട്ടില്‍ ത്രിദീപിന്റെ പോത്തിനെയാണ് നഷ്ടപ്പെട്ടത്.
ക്ഷീരകര്‍ഷകനായ ത്രിദീപിന് ഏഴു പശുക്കളും രണ്ടു പോത്തുകളുമാണുള്ളത്. മേയാന്‍വിട്ട പോത്തുകളില്‍ 200 കിലോഗ്രാം തൂക്കം വരുന്നതും ഉദ്ദേശം 60,000 രൂപ മതിപ്പുവിലയുള്ളതുമായ പോത്തിനെയാണ് കൊണ്ടുപോയത്. പോത്തിനെ കാണാതായതിനെത്തുടര്‍ന്ന് ത്രിദീപ് നടത്തിയ തെരച്ചിലില്‍ വനഭാഗത്ത് റോഡിനോടു ചേര്‍ന്ന കാട്ടുപ്രദേശത്ത് പോത്തിന്റെ ശരീരാവശിഷ്ടങ്ങളും കുടലും കാണപ്പെട്ടതിനെത്തുടര്‍ന്ന് പെരുനാട് പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുകയായിരുന്നു.
പെരുനാട് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വിഷ്ണു, സബ് ഇന്‍സ്പെക്ടര്‍ എ.ആർ. രവീന്ദ്രന്, സിപിഒ ബിനു എന്നിവർ അന്വേഷണത്തിനു നേതൃത്വം നല്കി.