പഴവങ്ങാടിയിൽ പഴുതില്ലാത്ത പോരാട്ടം
1600792
Sunday, October 19, 2025 3:28 AM IST
പഴവങ്ങാടി ഗ്രാമപഞ്ചായത്ത്
റാന്നിയിലെ പ്രധാന മേഖലകൾ ഉൾപ്പെടുന്ന പഴവങ്ങാടി ഗ്രാമപഞ്ചായത്ത്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയോടു ചേർന്ന പ്രദേശങ്ങൾക്കൊപ്പം പട്ടികജാതി ഉന്നതികളും പ്രദേശങ്ങളും പഞ്ചായത്തിന്റെ ഭാഗമാണ്. തിരക്കേറെയുള്ള ഇട്ടിയപ്പാറയിലെ ബസ് സ്റ്റാൻഡ്, അടിസ്ഥാന സൗകര്യ വികസനം, റോഡുകൾ, പാർക്കിംഗ്, മാലിന്യം തുടങ്ങിയവയെല്ലാം വിഷയങ്ങൾ. യുഡിഎഫിനു ഭൂരിപക്ഷമുണ്ടായിരുന്ന പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ കാലയളവിൽ അനിത അനിൽ കുമാറായിരുന്നു പ്രസിഡന്റ്. പിന്നീടാണ് റൂബി കോശി പ്രസിഡന്റായത്.
നേട്ടങ്ങൾ
ബാധ്യതകളും ജപ്തി ഭീഷണിയുമായി നിലനിന്നിരുന്ന പഞ്ചായത്താണ് പഴവങ്ങാടി. ഗ്രാമപഞ്ചായത്തിനു പുതിയ ആസ്ഥാനമന്ദിരം നിർമിക്കാൻ മൂന്നുലക്ഷം രൂപ വകയിരുത്തി.
മത്സ്യഫെഡിന്റെ കട തടസംനീക്കി തുടങ്ങി.
2017ൽ പണിത അമിനിറ്റി സെന്ററിന് നമ്പർ ഇട്ടു.
കോടതി വ്യവഹാരങ്ങൾ മൂലമുള്ള ജപ്തികൾ ഒഴിവാക്കി.
പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭൂമി 27 ലക്ഷം നൽകി കേസിൽനിന്ന് ഒഴിവാക്കി. ബസ് ടെർമിനൽ നവീകരണം.
കൃഷിഭവൻ, മൃഗാശുപത്രി, ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി എന്നിവ പൂർത്തീകരിച്ചു.
ഭൂരിപക്ഷം വീടുകളിലും ജൽജീവൻ കണക്ഷൻ. വാട്ടർ ടാങ്കിന് ഒന്പതാം വാർഡിൽ സ്ഥലം. കുഴൽക്കിണറുകൾ.
ജണ്ടായിക്കൽ, കണ്ണങ്കര പഞ്ചായത്ത് ഗ്രൗണ്ടുകൾ നവീകരിച്ചു.
വാതക ശ്മശാനം പ്രവർത്തന സജ്ജമാക്കി.
എയ്ഡഡ് സ്കൂളുകളിൽ പ്രഭാത ഭക്ഷണം.
മൂന്ന് അങ്കണവാടി കെട്ടിടം. ഒരെണ്ണം നിർമാണത്തിൽ. രണ്ട് അങ്കണവാടികൾക്കു സ്ഥലം.
പെൺകുട്ടികൾക്കു കരാട്ടെ, യോഗ പരിശീലനം .
ഇട്ടിയപ്പാറ മാർക്കറ്റ് നവീകരിച്ചു, എംസിഎഫ് നവീകരിച്ചു.
സോളാർ ലൈറ്റുകൾ, പട്ടികജാതി വിഭാഗങ്ങൾക്കു സോളാർ റാന്തൽ.
വാട്ടർ എടിഎം, പ്രധാന കേന്ദ്രങ്ങളിൽ ബോട്ടിൽ ബൂത്തുകൾ.
ഹരിത കർമസേനയ്ക്ക് ഇലക്ട്രിക് ഓട്ടോ. എല്ലായിടത്തും തെരുവു വിളക്കുകൾ.
കോട്ടങ്ങൾ
എംഎൽഎ അനുവദിച്ച മൂന്നു കോടിയുടെ റാന്നി ബസ് ടെർമിനൽ പദ്ധതി സ്ഥലം വിട്ടുനൽകാതെ അട്ടിമറിച്ചു.
ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിന്റെ വികസനം നടപ്പിലാക്കിയില്ല. സ്റ്റാൻഡ് പൊട്ടിപ്പൊളിഞ്ഞ് കുഴിയായി. സ്റ്റാൻഡിലെ പൊട്ടിപ്പൊളിഞ്ഞ കംഫർട്ട് സ്റ്റേഷൻ നവീകരിച്ചില്ല. യാത്രക്കാർ കൂടിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊന്നും ബസ് സ്റ്റാൻഡിൽ ഇല്ല.
ഇട്ടിയപ്പാറ ടൗണിലും പരിസരങ്ങളിലുമായി നിർമിച്ച മൂന്നു വഴിയിട വിശ്രമ കേന്ദ്രങ്ങൾ, ടോയ്ലറ്റുകൾ എന്നിവ നോക്കുകുത്തികളായി.
മാലിന്യ സംസ്കരണത്തിനു ശാസ്ത്രീയ പദ്ധതി ഇല്ല. കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതി നടപ്പിലാക്കിയ തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്കരണ പദ്ധതിയും നിലച്ചു.
തുമ്പൂർമൂഴി ജൈവവള നിർമാണ യൂണിറ്റ്, പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് എന്നിവ നിലച്ചു.
മാലിന്യങ്ങൾ ഇട്ടിയപ്പാറ ടൗണിൽ കൂട്ടിയിട്ടു കത്തിക്കുന്നു.
ഇട്ടിയപ്പാറ ചന്തയുടെ പ്രവർത്തനം നിലച്ചു.
കഴിഞ്ഞ സമിതി നിർമിച്ച ജണ്ടായിക്കൽ വാതക ശ്മശാനത്തോടു കടുത്ത അവഗണന.
ശബരിമല തീർഥാടന ക്ഷേമത്തിനായി ലഭിക്കുന്ന ഫണ്ടുകൾ ചെലവഴിക്കുന്നതിൽ വീഴ്ച.
തെരുവു വിളക്ക്, ശുചീകരണം എന്നിവയുടെ ഫണ്ട് ചെലവഴിക്കുന്നതിൽ വീഴ്ച.
സംസ്ഥാന പാതയോരത്തും ഇട്ടിയപ്പാറ ടൗണിലും വഴിവിളക്കുകൾ കത്തുന്നില്ല.
ഒറ്റനോട്ടത്തിൽ
മുന്നണികൾ മാറി മാറി ഭരിക്കുന്നു. കഴിഞ്ഞ തവണ എൽഡിഎഫ്. ഇത്തവണ യുഎഡിഎഫ്. എന്നാൽ, യുഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തിനെ വികസന രംഗത്ത് എംഎൽഎയും സംസ്ഥാന സർക്കാരും ഞെരുക്കിയെന്ന ആക്ഷേപം ഭരണസമിതിക്ക്.
എന്നാൽ, എംഎൽഎ ഫണ്ട് അനുവദിച്ച കാര്യങ്ങൾ പോലും പഞ്ചായത്ത് അവഗണിച്ചെന്ന് മറുപക്ഷം. ബസ് സ്റ്റാൻഡ് വികസനവുമായി ബന്ധപ്പെട്ട തർക്കങ്ങളും ഇതിന്റെ ഭാഗമായി. വികസനത്തിന്റെ ഭാഗമാകേണ്ട ശബരിമല ഇടത്താവളം അടക്കമുള്ള പ്രവർത്തനം മുന്നോട്ടുപോകേണ്ടതുണ്ട്. കെഎസ്ആർടിസി ബസ് സ്റ്റേഷനും വികസനം കൊതിക്കുന്നു.
കക്ഷിനില: ആകെ വാർഡുകൾ: 17. യുഡിഎഫ് : 10, എൽഡിഎഫ് : 5, സ്വതന്ത്രർ : 2.