കടമുറികൾക്കും പട്ടയം നൽകുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പാക്കാൻ ബുദ്ധിമുട്ടേറും
1600817
Sunday, October 19, 2025 4:02 AM IST
പത്തനംതിട്ട: കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കുമെന്ന മന്ത്രിസഭ തീരുമാനം നടപ്പിലാക്കാൻ ബുദ്ധിമുട്ടേറുമെന്ന് ആശങ്ക. 1977നു മുന്പ് വനഭൂമി കൈവശം വച്ചവർക്കാണ് ഇളവ് അനുവദിച്ചത്. ഇത്തരത്തിൽ ഭൂമി കൈവശമുള്ളവർക്ക് അതു പതിച്ചു നൽകാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ഇതിൽ കടമുറികൾ നിർമിച്ചിട്ടുണ്ടെങ്കിൽ വിസ്തൃതി പരിഗണിക്കാതെ പട്ടയം നൽകാനാണ് തീരുമാനം. എന്നാൽ, 1993 ലെ ചട്ട പ്രകാരം പട്ടയം നൽകേണ്ട സിഎച്ച്ആർ മേഖലയിൽ പട്ടയം നൽകുന്നതും വ്യാപാര സ്ഥാപനങ്ങൾ നിർമിക്കുന്നതിന് അനുമതി നൽകുന്നതും സുപ്രീംകോടതി 2024 ഒക്ടോബർ 24ന് സ്റ്റേ ചെയ്തിട്ടുള്ളതാണ്.
വിധി വന്ന് ഒന്നര വർഷം ആയിട്ടും വ്യക്തമായ ഒരു സത്യവാങ്മൂലം കോടതിക്ക് നൽകി ഈ വിഷയം പരിഹരിക്കാൻ സർക്കാർ തയാറായിട്ടില്ല. ഭൂപതിവ് നിയമമനുസരിച്ച് കൃഷി ചെയ്യുന്നതിനായി ഭൂ ഉടമയ്ക്ക് നൽകുന്ന പട്ടയത്തിൽ താമസിക്കുന്നതിനുള്ള വീടും ആവശ്യമെങ്കിൽ ഉപജീവനത്തിനായി ഒരു കടമുറിയും മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
ഈ നിയമപ്രശ്നം ചൂണ്ടിയാണ് ഇതേ പട്ടയ ഭൂമിയിൽ 2024 വരെ നിർമിക്കപ്പെട്ടതെല്ലാം 2025 ൽ കൊണ്ടുവന്ന ചട്ടത്തിലൂടെ സർക്കാർ നിയമവിരുദ്ധമാക്കി മാറ്റിയത്. ഇതു പരിഹരിക്കുന്നതിനാണ് പിഴത്തുകയോടു കൂടിയ ക്രമവത്കരണ നിയമം സർക്കാർ കൊണ്ടുവന്നത്.
നിയമ പ്രകാരം 2023 വരെ ലഭിച്ച പട്ടയങ്ങൾക്ക് മാത്രമാണ് ക്രമവത്കരണം ബാധകമാകു മെന്ന് ആ നിയമത്തിൽത്തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം തെരഞ്ഞെടുപ്പുകൾ മുന്നിൽകണ്ടുള്ള രാഷ്ട്രീയ തട്ടിപ്പ് മാത്രമെന്ന് ജില്ലാ ജനകീയ കർഷക സമിതി ചെയർമാൻ ജോൺ മാത്യു ചക്കിട്ടയിൽ കുറ്റപ്പെടുത്തി.