സ്വർണപ്പാളി വിവാദത്തിൽ ഗൂഢാലോചന ആവർത്തിച്ച് മന്ത്രി വി.എൻ. വാസവൻ
1600807
Sunday, October 19, 2025 3:54 AM IST
പത്തനംതിട്ട: പന്പയിൽ നടന്ന ആഗോള അയ്യപ്പസംഗമം വൻവിജയമായതിനു പിന്നാലെ നടന്ന ഗൂഢാലോചനയാണ് സ്വർണപ്പാളി വിവാദത്തിനു പിന്നിലെന്ന് മന്ത്രി വി.എൻ. വാസവൻ. പത്തനംതിട്ടയിലെ ദേവസ്വം ബോർഡ് ഓഫീസിനു നേരേയുണ്ടായ യൂത്ത് കോൺഗ്രസ് ആക്രമണങ്ങളിൽ പ്രതിഷേധിച്ച് എൽഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വർണപ്പാളി നഷ്ടപ്പെട്ട വിവരം അതുവരെ മിണ്ടാതിരുന്ന ഉണ്ണിക്കൃഷ്ണൻ പോറ്റി സംഗമത്തിനു പിന്നാലെ വെളിപ്പെടുത്തയതിന്റെ ഉദ്ദേശ്യം ഇതോടെ വ്യക്തമായി. ഒടുവിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയും അയാളെ സഹായിച്ചവരും പ്രതികളായി. അയ്യപ്പന്റെ ഒരുതരി പൊന്ന് നഷ്ടപ്പെടാൻ ഗവൺമെന്റ് അനുവദിക്കില്ല. പൊന്ന് കട്ടവരെ കൽതുറുങ്കലിൽ അടയ്ക്കുകതന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അടുത്തവർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്താൻ കഴിയില്ലായെന്ന പരിഭ്രമം കാരണമാണ് ശബരിമല വിഷയത്തിൽ കോൺഗ്രസ് അതിക്രമങ്ങളിലേക്കു കടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സ്വർണപ്പാളി നഷ്ടപ്പെട്ട വിഷയം നിയമസഭയിൽ എത്തിയപ്പോൾ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത് ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണെന്നായിരുന്നു. ഈ ആവശ്യം ഗവൺമെന്റ് അംഗീകരിച്ചതാണ്. ഗവൺമെന്റും ദേവസ്വം ബോർഡും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുകയും കോടതിയുടെ നിർദ്ദേശ പ്രകാരം സ്പെഷൽ ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തി മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
കോൺഗ്രസ് നടത്തുന്ന സമരങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്നും വാസവൻ പറഞ്ഞു.സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, കെ.പി. ഉദയഭാനു, കെ.ജി. രതീഷ് കുമാർ, അലക്സ് കണ്ണമല, കെ.യു. ജനീഷ് കുമാർ എംഎൽഎ,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, സജി അലക്സ്, മാത്യൂസ് ജോർജ്, പി. പി. ജോർജ് കുട്ടി, അരുണ്‍ കെ. എസ്. മണ്ണടി, മനു വാസുദേവ്, മനോജ് മാധവശേരി, രാജു നെടുവംപുറം, നൂർ മുഹമ്മദ്, ബിജി ജോസഫ്, സുമേഷ് ഐശ്വര്യ, എം.വി. സഞ്ജു, ബി. ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.