അടൂരുകാരൻ പാലക്കാട് എംഎൽഎ, ആഹ്ലാദത്തിമർപ്പിൽ കുടുംബവും ജന്മനാടും
1481542
Sunday, November 24, 2024 4:20 AM IST
അടൂർ: അടൂരിന്റെ മണ്ണിൽ നിന്നും ഒരു ജനപ്രതിനിധികൂടി. മുണ്ടപ്പള്ളി ആറ്റുവിളാകത്തു വീട്ടിൽ രാജേന്ദ്ര കുറുപ്പിന്റെ മകൻ രാഹുൽ മാങ്കൂട്ടത്തിലെന്ന യുവാവ് പാലക്കാടൻ മണ്ണിൽ വിജയഗാഥ എഴുതിയപ്പോൾ ജന്മനാടും കുടുംബവും ഏറെ ആഹ്ലാദത്തിലാണ്. പത്തനംതിട്ട ജില്ലയിൽനിന്ന് ഒരു എംഎൽഎപോലുമില്ലാതിരുന്ന യുഡിഎഫിനും രാഹുൽ മാങ്കൂട്ടത്തിലിന്റെ നിയമസഭ പ്രാതിനിധ്യം ആവേശമായി.
നിലവിലെ അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ കൊട്ടാരക്കര സ്വദേശിയാണ്. ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് മാത്രമാണ് നിലവിൽ അടൂരുകാരനായ പാർലമെന്റേറിയൻ. 1996 മുതൽ 2019 വരെ അടൂർ പ്രകാശ് കോന്നി എംഎൽഎ ആയിരുന്നു.
അടൂർ മണ്ഡലത്തിൽനിന്നുതന്നെ അടൂരുകാർ നിയമസഭാംഗമായിട്ടുണ്ടെങ്കിലും സമീപകാല ചരിത്രത്തിൽ അടൂരിന് ഇതു സാധ്യമല്ലാതെ പോയി. ഉപതെരഞ്ഞെടുപ്പിലൂടെ പാലക്കാട് മണ്ഡലത്തിൽനിന്ന് ഒരു അടൂരുകാരൻ തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം പ്രദേശവാസികൾക്കുമുണ്ട്.
അടൂർ താപോവൻ സ്കൂളിൽനിന്ന് പത്താംക്ലാസ് പാസായ ശേഷം തുമ്പമൺ സെന്റ് ജോൺസ് സ്കൂളിൽനിന്ന് പ്ലസ്ടു വും കഴിഞ്ഞ് പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽനിന്നും ബിഎ വിദ്യാർഥിയായതോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ സജീവ രാഷ്ട്രീയക്കാരനായി മാറിയത്. കെഎസ് യുവിലൂടെയായിരുന്നു തുടക്കം.
ബിരുദപഠനത്തിനുശേഷം ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽനിന്ന് ചരിത്രത്തിൽ എംഎയും ഇഗ്നോയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എംഎയും എടുത്തു. നിലവിൽ എംജി സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യുന്നു.
സംഘടനാപരമായി യൂത്ത് കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം പ്രസിഡന്റ്, കെഎസ്യു അടൂർ നിയോജകമണ്ഡലം പ്രസിഡന്റ്, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, കെഎസ് യു പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, എൻഎസ് യു ദേശീയ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പദവികൾ വഹിച്ചു.
നിലവിൽ യുത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാണ്. ജനപ്രതിനിധിയാകുന്നത് ഇതാദ്യം. മാതാവ്: ബീന ആർ. കുറുപ്പ്. സഹോദരി: രജനി.
കുടുംബാംഗങ്ങൾ പാലക്കാട്ട്
മകന്റെ പ്രചാരണത്തിനായി അമ്മ ബീന ആർ. കുറുപ്പും രാഹുലിന്റെ സഹോദരി രജനിയും ദിവസങ്ങളായി പാലക്കാട്ടാണ്. ഇന്നലെ വിജയാഹ്ലാദം പങ്കിടാൻ അവർ വീട്ടിലുണ്ടായിരുന്നില്ല. എന്നാൽ വീട്ടിലെത്തിയവർക്ക് പിതൃസഹോദരി രാധാമണിയമ്മ മധുരം വിളന്പി. പ്രദേശവാസികളും യുഡിഎഫ് നേതാക്കളുമൊക്കെ ആഹ്ലാദം പങ്കിട്ട് രാഹുലിന്റെ വീട്ടിലെത്തിയിരുന്നു. രാഷ്ട്രീയത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ നേടിയത് അതിവേഗത്തിലുള്ള നേട്ടങ്ങളാണ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം രാഷ്ട്രീയപരമായി ഏറെ ശ്രദ്ധേയനായി മാറിയ അദ്ദേഹത്തെ മുൻ പ്രസിഡന്റ് ഷാഫി പറന്പിൽ തന്റെ പിൻഗാമിയായി പാലക്കാട്ടു കണ്ടത് യാദൃച്ഛികമായി.
അടൂരിൽ നിന്നൊരാൾ പാലക്കാട്ടെത്തി വൻ വിജയം നേടിയപ്പോൾ അത് കൂട്ടായ്മയുടെ മുന്നേറ്റമായി മാറിയെന്ന് യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പഴകുളം ശിവദാസൻ പറഞ്ഞു.