ചുങ്കപ്പാറ ജംഗ്ഷൻ ഇരുട്ടിൽ
1481287
Saturday, November 23, 2024 4:34 AM IST
ചുങ്കപ്പാറ: കോട്ടാങ്ങൽ പഞ്ചായത്തിലെ ചുങ്കപ്പാറ ജംഗ്ഷൻ, ബസ് സ്റ്റാൻഡ് പരിസരങ്ങൾ ഇരുട്ടിൽ. ലക്ഷങ്ങൾ മുടക്കി ജംഗ്ഷനിലും ബസ് സ്റ്റാൻഡിലും സ്ഥാപിച്ചിരിക്കുന്ന പൊക്കവിളക്കുകൾ മിഴിയടച്ചിട്ട് ദിവസങ്ങളായി. തെരുവുവിളക്കുകളും കത്തുന്നില്ല. വ്യാപാരസ്ഥാപനങ്ങൾ അടച്ചാൽ ചുങ്കപ്പാറ ടൗൺ പരിസരങ്ങൾ ഇരുട്ടിലാണ്.
മോഷ്ടാക്കൾക്കും സാമൂഹ്യവിരുദ്ധർക്കും ഇത് തുണയാകുകയാണ്. ചുങ്കപ്പാറ ചെറുപുഷ്പം ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് റാസ ഉൾപ്പെടെ അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുകയാണ്.
രാത്രി വൈകിയും പുലർച്ചെയുമായി ജംഗ്ഷൻ പരിസരങ്ങളിലെത്തുന്നവർ ഇരുട്ടിൽ തപ്പുകയാണ്. പുലർച്ചെ ടാപ്പിംഗ് തൊഴിലാളികൾ, പത്രവിതരണക്കാർ, ഓട്ടോറിക്ഷാ തൊഴിലാളികൾ ഇവരൊക്കെ ഏറെ ബുദ്ധിമുട്ടിലാണ്.
എടിഎം പരിസരങ്ങളിലടക്കം വെളിച്ചമില്ലാത്ത സ്ഥിതിയാണ്. തെരുവുനായ്ക്കൾ, കാട്ടുപന്നി, പാമ്പ് അടക്കമുള്ള മൃഗങ്ങളുടെ ശല്യവും ജംഗ്ഷൻ പരിസരങ്ങളിൽ രൂക്ഷമാണ്. പഞ്ചായത്ത് അധികൃതർ അടിയന്തര നടപടികൾ സ്വീരിക്കണമെന്ന് ചുങ്കപ്പാറ ജനകീയ വികസന സമിതി, വ്യാപാരി വ്യവസായി യോഗം ആവശ്യപ്പെട്ടു.
ഭാരവാഹികളായ ജോസി ഇലഞ്ഞിപ്പുറം, ഷാജി കെ. കോട്ടയ മണ്ണിൽ, ശശിധരൻ വേലൂപറമ്പിൽ, ടി.കെ. സുലൈമാൻ, ജോസ് മോൻ മഠത്തുംമുറി, പ്രസാദ് വർഗീസ്, അസീസ്, ജോയി ജോൺ, പത്മകുമാർ എന്നിവർ പ്രസംഗിച്ചു.