സംരക്ഷണമില്ല; ഗ്രാമീണ സ്റ്റേഡിയങ്ങൾ നശിക്കുന്നു
1481260
Saturday, November 23, 2024 4:31 AM IST
കോഴഞ്ചേരി: പത്തനംതിട്ട ജില്ലയിൽ കായിക മത്സരങ്ങൾക്കും പരിശീലനങ്ങൾക്കും സ്റ്റേഡിയങ്ങളില്ലെന്ന മുറവിളി ഉയരുന്പോൾത്തന്നെ ഗ്രാമീണ കളിക്കളങ്ങൾ സംരക്ഷണമില്ലാതെ നശിക്കുന്നു.
ത്രിതല പഞ്ചായത്തുകളുടെയും സര്‍ക്കാരിന്റെയും സഹായത്തോടെ ഗ്രാമീണ മേഖലയില്‍ നിര്‍മിച്ച കളിക്കളങ്ങൾ പലതും ഇന്ന് ഡ്രൈവിംഗ് സ്കൂള്‍ പരിശീലന കേന്ദ്രങ്ങളാണ്. സ്റ്റേഡിയങ്ങള്‍ സംരക്ഷിക്കാനോ കായിക താരങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനോ അധികൃതര്‍ തയാറാകാത്തതാണ് കാരണം.
തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന്റേതടക്കം സ്ഥിതി ഇതുതന്നെയാണ്. തിരുവല്ല നഗരസഭയുടെ നിയന്ത്രണത്തിലുള്ള സ്റ്റേഡിയത്തിലേക്ക് ഇന്നിപ്പോൾ ആരും തിരിഞ്ഞുനോക്കാത്ത സ്ഥിതിയായി. ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച സ്റ്റേഡിയം സംസ്ഥാന സ്കൂൾ കായികമേളയ്ക്കും നിരവധി ചാന്പ്യൻഷിപ്പുകൾക്കും വേദിയായ ഇടമാണ്.
ഫുട്ബോൾ, ബാസ്കറ്റ്ബോൾ കളിക്കളങ്ങൾ പ്രത്യേകമായുണ്ടായിരുന്ന സ്റ്റേഡിയത്തിന്റെ സംരക്ഷണത്തിനായി ഒരു പദ്ധതിയും ഉണ്ടായിട്ടില്ല.
കോഴഞ്ചേരി സ്റ്റേഡിയം തകർച്ചയിൽ
കായികരംഗത്തു പേരുകേട്ട കോഴഞ്ചേരിയിൽ പുതിയ താരങ്ങളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ വർഷങ്ങൾക്കു മുന്‍പ് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് നിർമിച്ച സ്റ്റേഡിയം ഇന്നിപ്പോൾ കാടുനിറഞ്ഞു കിടക്കുകയാണ്. മഴക്കാലത്ത് ചെളികൂടി നിറയുന്നതോടെ ആരും ഇവിടേക്കു തിരിഞ്ഞു നോക്കാതെയായി.
മാവേലിക്കര - കോഴഞ്ചേരി റോഡില്‍ കോഴഞ്ചേരിക്കും തെക്കേമലയ്ക്കും മധ്യേയുള്ള തണുങ്ങാട്ടില്‍ പാലത്തിനുസമീപമുള്ള മൂന്ന് ഏക്കറോളം വരുന്ന പാടം നികത്തിയാണ് 2006-ല്‍ സ്റ്റേഡിയം നിർമിച്ചത്. സ്റ്റേഡിയത്തിന്റെ വികസനത്തിനുവേണ്ടി കാലാകാലങ്ങളില്‍ നിരവധി പദ്ധതികള്‍ തയാറാക്കിയിരുന്നെങ്കിലും ഒന്നും ഫലവത്തായില്ല.
പഞ്ചായത്തിന് സര്‍ക്കാര്‍ വിട്ടുനല്‍കിയ പല സ്ഥാപനങ്ങളും സ്റ്റേഡിയത്തിന്റെ സ്ഥലം കൈയേറി നിർമിച്ചു. ഇതുകൂടാതെ മാലിന്യസംസ്കരണ പ്ലാന്റ്കൂടി സ്ഥാപിതമായതോടെ സ്റ്റേഡിയത്തിന്റെ തകര്‍ച്ച പൂർണമായി.
2018ലെ പ്രളയത്തെത്തുടർന്നുണ്ടായ മാലിന്യങ്ങളും മണലും ചെളിയും നിക്ഷേപിച്ചതും സ്റ്റേഡിയത്തിലാണ്. ഇവ കൃത്യസമയത്ത് ലേലം നടത്തി കൊടുക്കാന്‍ കഴിയാതെ വന്നതിനേത്തുടര്‍ന്ന് മണ്ണും മണലും സ്റ്റേഡിയത്തില്‍തന്നെ നിരത്തേണ്ടിവന്നു. ഇതോടെ സ്റ്റേഡിയം ചെളിക്കുണ്ടായി മാറി.
ഇതേത്തുടർന്ന് പ്രഭാത, സായാഹ്ന സവാരിപോലും സാധ്യമല്ലാതായി. സ്റ്റേഡിയം സംരക്ഷണത്തിന് യാതൊരു താത്പര്യവും ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് കായികപ്രേമികള്‍ പറയുന്നു. സ്റ്റേഡിയം സംരക്ഷിക്കുന്നതിന് അധികൃതര്‍ തയാറാകാത്തതിനാല്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോന് പുതുപ്പറമ്പില്‍ പറഞ്ഞു.
കോയിപ്രം പഞ്ചായത്ത് സ്റ്റേഡിയവും കാടുകയറി
കോയിപ്രം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ പുല്ലാട് എസ് വി ഹൈസ്കൂളിന് സമീപം പിഐപി കനാലിനോടു ചേര്‍ന്നാണ് പഞ്ചായത്ത് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. സ്ഥലം എംഎല്‍എയും മന്ത്രിയുമായ വീണാ ജോർജിന്റെ ആസ്തി വികസന ഫണ്ടിലെ തുകയും ത്രിതല പഞ്ചായത്തുകളിലെ വിഹിതവും ഉപയോഗിച്ചാണ് സ്റ്റേഡിയത്തിന്റെ പവലിയന് ഉള്‍പ്പെടെ പൂര്‍ത്തീകരിച്ചത്.
എന്നാല്‍ സ്റ്റേഡിയത്തിന്റെ ഗേറ്റ് പഞ്ചായത്ത് അധികൃതര്‍ പൂട്ടാത്തതിനാല്‍ രാത്രികാലങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തനവും മദ്യ മയക്കുമരുന്നുകളുടെ സംഭരണ വിതരണ കേന്ദ്രവുമായി മാറിയിരിക്കുകയാണ്. ദൂരെ സ്ഥലങ്ങളില്‍നിന്നുപോലും വാഹനങ്ങളില്‍ എത്തിയാണ് മയക്കുമരുന്നിന്റെ ക്രയവിക്രയം നടത്തുന്നത്.
ഗേറ്റ് പൂട്ടിയിട്ട് കിളിവാതിലിലൂടെ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കണമെന്നാണ് നിര്‍ദേശമെങ്കിലും ഇതൊന്നും ഇവിടെ പ്രാവര്‍ത്തികമാകുന്നില്ല. സ്റ്റേഡിയത്തില്‍ എത്തുന്ന അത്ലറ്റുകള്‍ക്ക് ഡ്രസ് മാറുന്നതിനുള്ള മുറിപോലും തകര്‍ത്ത നിലയിലാണ്. സ്റ്റേഡിയത്തിന്റെ നവീകരണത്തിനുവേണ്ടി തുക മാറ്റിവച്ചിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്തംഗം സോണി കുന്നപ്പുഴ പറഞ്ഞു.