ഭരണഘടനയുടെ മഹത്വം തിരിച്ചറിയണമെങ്കിൽ പ്രകാശിതമായ മനുഷ്യബോധം വേണം: ഫാ. കെ.എം. ജോർജ്
1481255
Saturday, November 23, 2024 4:12 AM IST
പത്തനംതിട്ട: ഭരണഘടനയുടെ മഹത്വം പ്രകാശിതമായ മനുഷ്യ ബോധം ഉള്ളവർക്കു മാത്രമേ തിരിച്ചറിയാനാകൂവെന്ന് മഹാത്മാഗാന്ധി സർവകലാശാല ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് ചെയർ അധ്യക്ഷൻ ഫാ. ഡോ. കെ.എം. ജോർജ്. പ്രിയദർശിനി പബ്ലിക്കേഷൻസ് സംഘടിപ്പിച്ച ഗുരു നിത്യ ചൈതന്യയതി പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബുദ്ധനും ക്രിസ്തുവും പറഞ്ഞത് പ്രകാശിതമായ മനുഷ്യബോധത്തെക്കുറിച്ചാണ്. സാമൂഹ്യ-രാഷ്ട്രീയ പ്രബുദ്ധത വ്യാപകമായ അർഥത്തിൽ മനുഷ്യ ബോധത്തിന്റെ പ്രകാശനമാണ്. നിത്യ ചൈതന്യയതിക്ക് ആ പ്രകാശിത ബോധം ഉണ്ടായിരുന്നു. അംബേദ്കർ ഭരണഘടന നിർമിച്ചത് പ്രകാശിതമായ അതേ ബോധം കൊണ്ടാണ്.
ഭാരതത്തിലെ ബുദ്ധപാരമ്പര്യമാണ് ഡോ. അംബേദ്കർക്ക് ഭരണഘടന എഴുതി ഉണ്ടാക്കാനുള്ള പ്രകാശം നൽകിയതെന്നും ഫാ. കെ.എം. ജോർജ് അഭിപ്രായപ്പെട്ടു.
ബിനു കെ. സാം അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ജോബിൻ ചാമക്കാല യോഗവിദ്യയും യതിയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, ജില്ലാ കോ-ഓർഡിനേറ്റർ ജി. രഘുനാഥ്, എം.എസ്. പ്രകാശ്, മാത്യു ചെറിയാൻ, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, രജനി പ്രദീപ്, പ്രസീതാ രഘു, രാധാമണി, അഫ്സൽ എന്നിവർ പ്രസംഗിച്ചു.