പ്രോവിഡൻസ് കോളജിൽ സയൻസ് എക്സിബിഷൻ 26ന്
1481286
Saturday, November 23, 2024 4:34 AM IST
പത്തനംതിട്ട: കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും എൻജിനിയറിംഗ് പഠനത്തിൽ താത്പര്യം ജനിപ്പിക്കുന്നതിനും അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനുമായി പ്രോടെക് സയൻസ് എക്സിബിഷൻ 26നു രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ ചെങ്ങന്നൂർ പ്രോവിഡൻസ് എൻജിനിയറിംഗ് കോളജിൽ നടക്കും.
വിവിധ ജില്ലകളിലെ ശാസ്ത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ട ശ്രദ്ധേയമായ ഇനങ്ങളാണ് പ്രദർശിപ്പിക്കുന്നത്. റോബോട്ടിക്, ആർട്ടിഫിഷൽ ഇന്റലിജൻസ് എന്നീ മേഖലകളിലെ യന്ത്രോപകരണങ്ങൾ കുട്ടികൾക്ക് കാണുവാനും പ്രവർത്തനങ്ങൾ മനസിലാക്കാനും സാധിക്കും.
അസാപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ ഐഎസ്ആർഒയും അറുപതിലേറെ സ്റ്റാർട്ട്അപ് കമ്പനികളും പങ്കെടുക്കും. വിവിധ ഇനങ്ങളിൽ മത്സരവും ഉണ്ടാകും. വിജയികൾക്ക് ഒരു ലക്ഷംരൂപയുടെ കാഷ് അവാർഡും നൽകും. എല്ലാ ജില്ലകളിൽനിന്നുള്ള സ്കൂൾ വിദ്യാർഥികൾക്ക് പങ്കെടുക്കാം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9544918333.
സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഐഒടി, ബിസിടി എന്നീ മേഖലകളിലെ എൻജിനിയറിംഗ് പഠനത്തിനും ബിബിഎ, എംബിഎ പഠനത്തിനും മികച്ച സൗകര്യങ്ങൾ കോളജിൽ ഉണ്ടെന്നും ഇവ സംബന്ധിച്ച സംശയനിവാരണത്തിനായി പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കുമെന്നും കോളജ് പ്രിൻസിപ്പൽ ഡോ. സന്തോഷ് സൈമൺ പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രളയകാലത്ത് പമ്പാനദിയിലെ ജലനിരപ്പ് നിരീക്ഷിച്ച് ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്താൽ മുന്നറിയിപ്പ് നൽകുന്ന പ്രോവിഡൻസ് റിവർ മോണിറ്ററിംഗ് ഇനിഷ്യേറ്റീവ് (പിആർഎംഐ )പദ്ധതിക്കും കോളജിൽ തുടക്കമിട്ടിട്ടുണ്ട്.
ജില്ലാ ഭരണകൂടത്തിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും എൻഎസ്എസ് യൂണിറ്റുകളുടെയും സഹകരണത്തോടെ 2025 ഏപ്രിലോടെ പദ്ധതി വ്യാപകമാക്കും. മാർക്കറ്റിംഗ് മാനേജർ ജോജി ഏബ്രഹാം, കൺസൾട്ടന്റ് പ്രകാശ് മാത്യു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.