മാര്‍ കൂവക്കാട്ടിന്റെ മെത്രാഭിഷേകം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
1481249
Saturday, November 23, 2024 4:12 AM IST
ചങ്ങനാശേരി: നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലാണ് മെത്രാഭിഷേക ശുശ്രൂഷകള്‍ നടക്കുന്നത്.
വത്തിക്കാനില്നിന്നെത്തുന്നവരുള്പ്പെടെ കര്‍ദിനാള്‍മാർക്കും മെത്രാന്മാര്ക്കും വൈദികര്‍ക്കും മാര്‍ കൂവക്കാട്ടിന്റെ ബന്ധുക്കള്‍ക്കും മാത്രമേ പള്ളിക്കുള്ളിലിരുന്ന് ശുശ്രൂഷകളില്‍ പങ്കെടുക്കാനുള്ള ക്രമീകരണങ്ങളുള്ളൂ.
പള്ളിയങ്കണത്തില്‍ അയ്യായിരത്തോളം പേര്‍ക്ക് ഇരുന്ന് ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള പന്തല്‍ സജ്ജമായിട്ടുണ്ട്. ശുശ്രൂഷകള്‍ ഡിജിറ്റല്‍ സ്ക്രീനുകളില്‍ കാണാനുള്ള ക്രമീകരണങ്ങള്‍ പന്തലില്‍ ഒരുക്കിയിട്ടുണ്ട്.
വൈദികനായിരിക്കെ കര്‍ദിനാളായി ഉയര്‍ത്തപ്പെട്ട മാര്‍ കൂവക്കാട്ടിന്റെ മെത്രാഭിഷേകം ഭാരതസഭയ്ക്കും ചങ്ങനാശേരി അതിരൂപതയ്ക്കും ആഹ്ലാദധന്യമാകുന്ന നിമിഷം ആഘോഷമാക്കാനുള്ള ഒരുക്കങ്ങളാണ് അതിരൂപതയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാകുന്നത്.
സെന്‍ട്രല്‍ ജംഗ്ഷന് മുതല്‍ മെത്രാപ്പോലീത്തന്‍ പള്ളി വരെയും പള്ളിയങ്കണത്തിലും പേപ്പല്‍ പതാകയുടെ നിറമുള്ള കൊടിതോരണങ്ങള്‍കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. അതിരൂപത വികാരിജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, മോണ്‍. മാത്യു ചങ്ങങ്കരി, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, മെത്രാപ്പോലീത്തന്‍പള്ളി വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍,
ഫാ. തോമസ് കറുകക്കളം, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റികളാണ് പരിപാടികളുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
മാര്‍ തോമാശ്ലീഹായുടെ തിരുശേഷിപ്പില്‍ വന്ദിച്ച് ശുശ്രൂഷകള്‍ക്ക് തുടക്കം
മെത്രാഭിഷേക ചടങ്ങുകള്‍ നടക്കുന്ന നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് തിരുവസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷിണമായി മെത്രാന്മാരും വൈദികരും മെത്രാപ്പോലീത്തന്‍ പള്ളിയില്‍ പ്രവേശിക്കും.
പള്ളിയുടെ മദ്ബഹയ്ക്കു സമീപം പീഠത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന മാര്‍ തോമാശ്ലീഹായുടെ തിരുശേഷിപ്പ് മെത്രാഭിഷേകം സ്വീകരിക്കുന്നതിനു മുമ്പ് മാര്‍ ജോര്‍ജ് കൂവക്കാട്ട് വന്ദിക്കും.
ശ്ലീഹന്മാരുടെ പിന്‍ഗാമിയെന്ന നിലയിലാണ് മാര്‍ തോമാശ്ലീഹായുടെ തിരുശേഷിപ്പ് വന്ദിക്കുന്നത്. തുടര്‍ന്നാണ് ശുശ്രൂഷകള്‍ക്ക് തുടക്കമാകുന്നത്.
മാര്‍ കൂവക്കാട്ട് എത്തിച്ചേര്‍ന്നു; ഇന്ന് വൈകുന്നേരം റംശ പ്രാര്‍ഥന
നാളെ മെത്രാഭിഷിക്തനാകുന്ന നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് ഇന്നലെ ഉച്ചയോടെ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ എത്തിച്ചേര്‍ന്നു. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു.
മെത്രാഭിഷേക ചടങ്ങിനു മുന്നോടിയായി ഇന്നു വൈകുന്നേരം 5.30ന് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ റംശാ പ്രാര്‍ഥന നടക്കും.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് എന്നിവര്‍ കാര്‍മികത്വം വഹിക്കും. വൈദികര്‍, സന്യാസ്തര് തുടങ്ങിയ വിശ്വാസസമൂഹം പങ്കെടുക്കും.