മാർത്തോമ്മ സഭ വൈദിക വാർഷിക സമ്മേളനം 26 മുതൽ
1481559
Sunday, November 24, 2024 4:35 AM IST
തിരുവല്ല: മാർത്തോമ്മ സഭയിലെ വൈദികരുടെ വാർഷിക സമ്മേളനം 26 മുതൽ 29 വരെ ചരൽക്കുന്നിൽ നടക്കും. ഇടയൻ - ഇടം, ഇടർച്ച, ഇടപെടൽ എന്ന വിഷയത്തിൽ നാലുദിവസങ്ങളിലായി ചർച്ചകളും പഠനങ്ങളും ഉണ്ടാകും.
26ന് വൈകുന്നേരം 6.45 ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. കോൺഫറൻസ് പ്രസിഡന്റ് മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും.
സഫ്രഗൻ മെത്രാപ്പോലീത്താമാരായ ഡോ. യുയാക്കിം മാർ കൂറിലോസ്, ഡോ. ജോസഫ് മാർ ബർണബാസ്, എപ്പിസ്കോപ്പാമാരായ തോമസ് മാർ തിമോഥെയോസ്, ഡോ. ഐസക് മാർ ഫിലക്സിനോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ്, സഖറിയാസ് മാർ അപ്രേം, വികാരി ജനറാൾമാർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
റവ. ഡോ. ഏബ്രഹാം സ്കറിയ, റവ. ജേക്കബ്. പി. തോമസ്, റവ. ജോളി തോമസ്, മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റീസ് അലക്സാണ്ടർ തോമസ്, ഡോ. അജു തോമസ് എന്നിവർ ക്ലാസുകൾ നയിക്കും. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ വിശുദ്ധ കുർബാന അനുഷ്ഠിക്കും.
29ന് രാവിലെ 8.30ന് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ സന്ദേശത്തോടെ സമാപിക്കും. മാർത്തോമാ സഭയിലെ ലോകമെങ്ങുമുള്ള 1200 ഓളം വൈദികർ സമ്മേളനത്തിൽ പങ്കെടുക്കും.