ഖര, ദ്രവ മാലിന്യനീക്കം: ടാങ്കറുകൾ നിരത്തി പ്രതിഷേധിക്കുമെന്ന് തൊഴിലാളികൾ
1481265
Saturday, November 23, 2024 4:31 AM IST
പത്തനംതിട്ട: ജില്ലയിൽ ഖര, ദ്രവ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന തൊഴിലാളികളും, ടാങ്കർ ഉടമകളും 25ന് ടാങ്കർ ലോറികളുമായി പത്തനംതിട്ടയിൽ പ്രതിഷേധ സമരം നടത്തും. സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ പരിപാടിക്ക് ഐഎൻടിയുസി നേതൃത്വം നൽകുമെന്ന് ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ പത്രസമ്മേളനത്തിൽ അറിയിച്ചു.
കാലിയായതും റോഡിൽ ഓടിക്കൊണ്ടിരിക്കുന്നതു മായ മാലിന്യശേഖരണ ടാങ്കറുകൾ പിടിച്ചെടുക്കുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റി, പോലീസ് നടപടികൾക്കെതിരേ ഖര, ദ്രവ മാലിന്യ നിർജ്ജന തൊഴിലാളി അസോസിയേഷൻ ഒരാഴ്ചയായി സമരത്തിലാണ്.
ജില്ലാ കളക്ടർ, പോലീസ് മേധാവി, ശുചിത്വ മിഷൻ കോർഡിനേറ്റർ തുടങ്ങി എല്ലാ അധികാരികൾക്കും ആവശ്യങ്ങൾ വിശദീകരിച്ചു നിവേദനം നൽകിയെങ്കിലും ഒരു ചർച്ച പോലും നടത്താൻ തയാറായിട്ടില്ല. ഇതോടെ ജില്ലയിൽ ഇത്തരം മാലിന്യങ്ങളുടെ നീക്കം തടസപ്പെട്ടിരിക്കുകയാണ്.
ജില്ലയിലെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി പരിധികളിൽഹോട്ടൽ മാലിന്യങ്ങളോ, ശുചിമുറി മാലിന്യങ്ങളോ ശേഖരിച്ച് സംസ്കരിക്കാൻ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും നാളിതുവരെ മുനിസിപ്പാലിറ്റിയോ സർക്കാരോ ഏർപ്പെടുത്തിയിട്ടില്ല.
സ്വതന്ത്രമായി തൊഴിൽ ചെയ്യാനുള്ള അവകാശം നിഷേധിച്ചും തൊഴിലാളികളുടെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്കും, ബോധവത്കരണത്തിനും, സുരക്ഷയ്ക്കും അനുവദിക്കുന്ന ഫണ്ടുകൾ വിനിയോഗിക്കാൻ യാതൊരു പദ്ധതികളുംസർക്കാർ ആവിഷ്കരിക്കുന്നില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെ മറയാക്കി ഉദ്യോഗസ്ഥർ പീഡനം നടത്തുകയാണ്. പൊതുസ്ഥലങ്ങളിൽ തങ്ങൾ മാലിന്യം നിക്ഷേപിക്കാറില്ലെന്നും അവർ പറഞ്ഞു.
യൂണിയൻ ജനറൽ സെക്രട്ടറി സുനിൽ കുമാർ, പി.കെ. ഗോപി, അജിത്ത് മണ്ണിൽ, അരുൺകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.