സമൂഹനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണം: കാതോലിക്ക ബാവ
1481252
Saturday, November 23, 2024 4:12 AM IST
തിരുവല്ല: സമൂഹത്തിന്റെ നന്മയെ കരുതിയുള്ള പ്രവർത്തനങ്ങൾക്ക് വൈഎംസിഎ പോലെയുള്ള സംഘടനകൾ മുൻകൈയെടുക്കണമെന്ന് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. വൈഎംസിഎ സബ് - റീജൺ റൂബി ജൂബിലി ആഘോഷ പരിപാടികൾ തിരുവല്ല വൈഎംസിഎയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മദ്യം, മയക്കുമരുന്ന് തുടങ്ങിയ മാനസികാവസ്ഥയിൽ കഴിയുന്നവരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന വലിയ പ്രവർത്തനം ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്നും മാലിന്യ വസ്തുക്കൾ മൂലം അന്തരീക്ഷം മലിനമാക്കി പ്രകൃതിയെ നശിപ്പിക്കുന്ന സാഹചര്യത്തിൽനിന്ന് നമ്മുടെ പരിസരങ്ങളും പ്രദേശങ്ങളും മനോഹരമായി സംരക്ഷിക്കുവാൻ സാധിക്കണമെന്നും കാതോലിക്ക ബാവ പറഞ്ഞു.
സബ് റീജിയൻ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. മാത്യു ടി. തോമസ് എംഎൽഎ ജൂബിലി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. വൈഎംസിഎ ദേശീയ പരിസ്ഥിതി കമ്മീഷൻ ചെയർമാൻ വി.സി. സാബു, സബ് റീജിയൻ മുൻ ചെയർമാൻ വർഗീസ് മാമ്മൻ, തിരുവല്ല വൈഎംസിഎ പ്രസിഡന്റ് പ്രഫ. കുര്യൻ ജോൺ, ജൂബിലി കമ്മിറ്റി ചെയർമാൻ വർഗീസ് മങ്ങാട്, ജനറൽ കൺവീനർ ജോ ഇലഞ്ഞിമൂട്ടിൽ,
കോ-ഓർഡിനേറ്റർ ജോസഫ് നെല്ലാനിക്കൽ, സബ് റീജിയൻ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻമാർ തുടങ്ങിയ വർ പ്രസംഗിച്ചു. ഡോ. ബി.ജി ഗോകുലൻ, ജോസി പോൾ മാരേട്ട് എന്നിവർക്ക് ജൂബിലി അവാർഡുകൾ വിതരണം ചെയ്തു.