ചക്കുളത്തുകാവ് പൊങ്കാല: ക്രമീകരണങ്ങള്‍ വിലയിരുത്തി
1481550
Sunday, November 24, 2024 4:20 AM IST
പത്തനംതിട്ട: ചക്കുളത്തുകാവില്‍ ഡിസംബര്‍ 13ന് നടത്തുന്ന പൊങ്കാലയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന ക്ഷേത്രഭരണസമിതി അംഗങ്ങളുടെ യോഗം ചര്‍ച്ച ചെയ്തു. 11 മുതല്‍ തിരുവല്ലയിലും പരിസരത്തും സുരക്ഷ ഉറപ്പാക്കുന്നതിന് പോലീസിനു പ്രത്യേക നിർദേശം നൽകി.
12നും 13നും കെഎസ്ആര്‍ടിസി പ്രത്യേക ചെയിന്‍ സര്‍വീസുകള്‍ നടത്തും. 11 മുതല്‍ പൊങ്കാല മേഖലകളില്‍ ഇടതടവില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാൻ കെഎസ്ഇബിക്കു നിർദേശം നൽകി.
പൊങ്കാല നടക്കുന്ന മേഖലയിലെ മദ്യഷോപ്പുകള്‍ അടച്ചിടുന്നതിന് എക്സൈസ് നടപടി സ്വീകരിക്കണം. കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യും. അഗ്നിസുരക്ഷാ സേനയുടെ കുറഞ്ഞത് മൂന്ന് യൂണിറ്റുകള്‍ ഏര്‍പ്പെടുത്തണം. സൗജന്യ പാര്‍ക്കിംഗിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സൗകര്യമൊരുക്കണമെന്നും നിർദേശമുണ്ടായി. ശുചീകരണ നിര്‍വഹണത്തിനും അടിയന്തരചികിത്സയ്ക്കും ആരോഗ്യ വകുപ്പാണ് സൗകര്യമൊരുക്കേണ്ടത്. ആംബുലന്‍സ് സൗകര്യം ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
ക്ഷേത്രട്രസ്റ്റും ക്ലീന്‍കേരളമിഷനും ചേര്‍ന്ന് ഹരിതചട്ട പ്രകാരമായിരിക്കും പൊങ്കാല. രാധിക സുരേഷ് ഗോപിയുടെ സാന്നിധ്യത്തില്‍ 13നു രാവിലെ 9.30ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പൊങ്കാല ഉദ്ഘാടനം ചെയ്യും. മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടന് നമ്പൂതിരി അധ്യക്ഷത വഹിക്കും. പ്രസിഡന്റ് രാധാകൃഷ്ണന് നമ്പൂതിരി പൊങ്കാല അടുപ്പില്‍ അഗ്നി പകരും.
വൈകുന്നേരം അഞ്ചിന് സാംസ്കാരിക സമ്മേളനം മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. തോമസ് കെ.തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പകരും. മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടന് നമ്പൂതിരി, പ്രസിഡന്റ് രാധാകൃഷ്ണന് നമ്പൂതിരി, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, മറ്റു പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.