പെരുനാട് പോലീസ് സ്റ്റേഷൻ കെട്ടിടനിർമാണം അന്തിമഘട്ടത്തിലേക്ക്
1481253
Saturday, November 23, 2024 4:12 AM IST
റാന്നി: പെരുനാട് പോലീസ് സ്റ്റേഷൻ കെട്ടിടനിർമാണം അവസാന ഘട്ടത്തിലേക്ക്. പ്രമോദ് നാരായൺ എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് നിർമാണ പ്രവൃത്തികൾ വിലയിരുത്തി. 1.9 കോടി രൂപ ചെലവഴിച്ചാണ് പോലീസ് സ്റ്റേഷൻ നിർമിക്കുന്നത്. കേരളത്തിൽതന്നെ ഏറ്റവും അധികം സൗകര്യങ്ങളോടുകൂടിയ പോലീസ് സ്റ്റേഷനാകും ഇത്.
പാർക്കിംഗ്, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക മുറികൾ, വനിതകൾക്ക് പ്രത്യേക സെൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പോലീസ് ഹൗസിംഗ് കോർപറേഷനാണ് നിർമാണച്ചുമതല. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, ജില്ലാ പോലീസ് ചീഫ് വിനോദ് കുമാർ എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.
റാന്നിയിലെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം: എംഎൽഎ
റാന്നി: നിയോജക മണ്ഡലത്തിൽ നടന്നുവരുന്ന നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് പ്രമോദ് നാരായൺ എംഎൽഎ ആവശ്യപ്പെട്ടു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നിയോജക മണ്ഡല വികസന വിശകലന യോഗത്തിലാണ് എംഎൽഎ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇട്ടിയപ്പാറ - ഒഴുവൻപാറ റോഡ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് എംഎൽഎ നിർദേശിച്ചു. ജല അഥോറിറ്റിയുടെ പണികൾ വൈകുന്നതാണ് റോഡ് നിർമാണം വൈകുന്നതിന് കാരണമായി പറയുന്നത്.
കിഫ്ബി നിർമിക്കുന്ന ചെറുകോൽപ്പുഴ - റാന്നി റോഡ് നിർമാണം ആരംഭിക്കുന്നതിനു മുന്നോടിയായി കെഎസ്ഇബിയും ജലഅഥോറിറ്റിയും അവരുടെ പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കേണ്ടതുണ്ട്. ഇതിനായി എസ്റ്റിമേറ്റ് തയാറാക്കി പൊതുമരാമത്ത് വകുപ്പിലെ അടിയന്തരമായി ഏല്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പുതമൺ -കുട്ടത്തോട്, പാരച്ചുവട് - നരിക്കുഴി റോഡുകളുടെ അവശേഷിക്കുന്ന പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കി റോഡ് സഞ്ചാര യോഗ്യമാക്കണം.
റാന്നി കോർട്ട് കോംപ്ലക്സിന്റെ നിർമാണം നീണ്ടുപോകുന്നത് വലിയ പരാതികൾക്ക് ഇടയാക്കുന്നു. കേരള കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമാണച്ചുമതല. കോർട്ട് കോംപ്ലക്സിന്റെ നിർമാണം ആരംഭിക്കാൻ ഉണ്ടാകുന്ന കാലതാമസം പരിഹരിക്കുവാൻ കോർപറേഷൻ എംഡിയോട് ആവശ്യപ്പെടും
മഠത്തുംച്ചാൽ - മുക്കൂട്ടുതറ റോഡിന്റെ കരാറിന് അംഗീകാരം നൽകിയിട്ടുണ്ട്. എത്രയും വേഗം എഗ്രിമെന്റ് വച്ച് പ്രവൃത്തി ആരംഭിക്കാൻ നിർദേശം നൽകി.