പന്തളം നഗരസഭാ ഭരണസമിതിക്കെതിരേ എൽഡിഎഫ് അവിശ്വാസ നോട്ടീസ്
1481543
Sunday, November 24, 2024 4:20 AM IST
പന്തളം: ബിജെപി നേതൃത്വത്തിലുള്ള പന്തളം നഗരസഭാ ഭരണസമിതിക്കെതിരേ എൽഡിഎഫ് അവിശ്വാസ നോട്ടീസ് നൽകി. നഗരസഭാധ്യക്ഷ സുശീല സന്തോഷ്, ഉപാധ്യക്ഷ യു. രമ്യ എന്നിവർക്കെതിരേയുള്ള അവിശ്വാസ നോട്ടീസിൽ എൽഡിഎഫിലെ ഒന്‍പതുപേരും ബിജെപിയിൽ നിന്നു സസ്പെൻഡ് ചെയ്യപ്പെട്ട കൗൺസിലർ കെ.വി. പ്രഭ, സ്വതന്ത്രൻ രാധാകൃഷ്ണൻ ഉണ്ണിത്താൻ എന്നിവരാണ് ഒപ്പുവച്ചിരിക്കുന്നത്.
33 അംഗ കൗൺസിലിൽ ബിജെപി - 18, എൽഡിഎഫ് - ഒന്‍പത്. യുഡിഎഫ് - അഞ്ച്, സ്വതന്ത്രൻ - ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫും പ്രമേയത്തെ പിന്തുണയ്ക്കാനാണ് സാധ്യത.
പദ്ധതി വിഹിതംപോലും യഥാസമയം ചെലവഴിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ഭരണസ്തംഭനത്തിനിടയാക്കുകയും ചെയ്തുവരുന്ന ഭരണസമിതിയെ പിന്തുണയ്ക്കാനാകില്ലെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെ.ആർ. വിജയകുമാർ പറഞ്ഞു. ജനദ്രോഹ നടപടികൾ അതിരുകടന്ന സാഹചര്യത്തിലാണ് അവിശ്വാസം അവതരിപ്പിക്കാൻ എൽഡിഎഫ് നിർബന്ധിതമായതെന്ന് പാർലമെന്ററി പാർട്ടി നേതാവ് ലസിതാ നായർ പറഞ്ഞു.
ബിജെപിയിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾകൂടി മുതലെടുത്ത് പ്രമേയം ചർച്ചയ്ക്കെടുപ്പിക്കാനാണ് എൽഡിഎഫ് നീക്കം. പാർട്ടി അച്ചടക്കം ലംഘിച്ചതായും സാമൂഹ്യമാധ്യമങ്ങളിലൂടെ തുടർച്ചയായി പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് കെ.വി. പ്രഭയെ സെപ്റ്റംബർ 12ന് ബിജെപി പ്രാഥമികാംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തത്.
നഗരസഭാ ഭരണസമിതിക്കെതിരേ എൽഡിഎഫും യുഡിഎഫും നടത്തിയ പ്രതിഷേധ പരിപാടികൾ പ്രഭ പങ്കെടുത്തു പ്രസംഗിക്കുകയും ചെയ്തിരുന്നു.