ധിക്കാര രാഷ്ട്രീയത്തിനും വർഗീയ ഫാസിസത്തിനുമെതിരേയുള്ള വിധിയെഴുത്ത്: ആന്റോ ആന്റണി
1481551
Sunday, November 24, 2024 4:35 AM IST
പത്തനംതിട്ട: വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെയും പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ബഹുഭൂരിപക്ഷത്തോടെയുള്ള തിളക്കമാര്‍ന്ന വിജയവും ചേലക്കരയിൽ എൽഡിഎഫിനു ഭൂരിപക്ഷം കുറഞ്ഞതും ധിക്കാര രാഷ്ട്രീയത്തോടും വർഗീയ ഫാസിസത്തിനുമെതിരേയുള്ള വിധിയെഴുത്താണെന്ന് ആന്റോ ആന്റണി എംപി.
ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപയുമായി ചേര്‍ന്ന് പാലക്കാട് മണ്ഡലത്തില്‍ നടത്തിയ സിപിഎമ്മിന്റെ കുതന്ത്രങ്ങള്‍ക്കും കാലുമാറ്റ രാഷ്ട്രീയത്തിനും ജനങ്ങള്‍ നല്കിയ തിരിച്ചടിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതീക്ഷയ്ക്കപ്പുറമുള്ള വന്‍ഭൂരിപക്ഷ വിജയമെന്ന് ആന്റോ ആന്റണി പറഞ്ഞു.
നരേന്ദ്ര മോദിയുടെയും സംഘപരിവാറിന്റെയും ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരേ പാര്‍ലമെന്റില്‍ ശക്തമായ പ്രതിരോധം സൃഷ്ടിക്കുവാന്‍ പ്രിയങ്ക ഗാന്ധിയുടെ ഉജ്ജ്വല വിജയം സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നഗരം ചുറ്റി നടത്തിയ ആഹ്ലാദപ്രകടനത്തിനുശേഷം ഗാന്ധി സ്ക്വയറില്‍ നടത്തിയ പൊതുയോഗത്തില്‍ ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു,
യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്, ആര്‍എസ്പി സംസ്ഥാന കമ്മിറ്റി അംഗം തോമസ് ജോസഫ്, ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം തുടങ്ങിയവർ നേതൃത്വം നൽകി.