തീർഥാടന പാതകളിൽ കാട്ടാനക്കൂട്ടം; ജാഗ്രതാ നിർദേശവുമായി പോലീസും വനപാലകരും
1481254
Saturday, November 23, 2024 4:12 AM IST
ശബരിമല: പന്പയിലേക്കുള്ള പാതകളിലും നിലയ്ക്കൽ ഭാഗത്തും കാട്ടാനകളുടെ ശല്യം ഉണ്ടാകുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും തീർഥാടകസംഘങ്ങൾക്ക് നിർദേശം. കഴിഞ്ഞദിവസം പ്രധാന പാതയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയതിനേത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരുന്നു.
നിലയ്ക്കൽ ഒന്നാം നമ്പർ പാർക്കിംഗ് ഗ്രൗണ്ടിന്റെ പിന്നിൽ സ്ഥിരമായി ആനകൾ എത്തുന്നുണ്ട്. രാത്രിയിൽ ഇവ റോഡിലേക്കും ഇറങ്ങാറുണ്ട്. വനാതിർത്തിയിൽ ഇവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഓടിച്ചുവിടുകയാണ് ചെയ്യുന്നത്.
അതേസമയം, തീർഥാടക വാഹനങ്ങളുടെ മുന്‍പിലും പിന്നിലും കരിന്പും കരിക്കും അലങ്കാരമായി കെട്ടിവച്ച് വരികയും നിലയ്ക്കലിൽ പാർക്കു ചെയ്തു പോകുകയും ചെയ്യുന്നത് അപകടകരമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
കൈതച്ചക്കപോലെയുള്ള ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതും ആനകളെ ആകർഷിക്കും. ഇവയുടെ മണം പിടിച്ച് കാട്ടാനകൾ എത്തുന്ന സാഹചര്യം നിലനിൽക്കുന്നതായും പോലീസ് അറിയിച്ചു. നിലക്കൽ കഴിഞ്ഞദിവസങ്ങളിൽ ആന ഇറങ്ങിയിരുന്ന ഭാഗങ്ങളിൽ എലിഫന്റ് സ്ക്വാഡ് ജാഗ്രത കാട്ടുന്നുണ്ട്.
ആപത്ഘട്ടത്തില്‍ സഹായമേകാന്‍ ആപ്ത മിത്ര
ശബരിമല: അടിയന്തര സാഹചര്യങ്ങളിലും ദുരന്തമുഖത്തും അഗ്നി സുരക്ഷാ സേനയ്ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ ശബരിമലയില്‍ ആപ്ത മിത്ര സിവില്‍ ഡിഫെന്‍സ് വോളന്റിയേഴ്സ് സേന സുസജ്ജം.
സന്നിധാനത്തും പമ്പയിലുമായി 15 വീതം വോളണ്ടിയര്‍മാരെയാണ് അഗ്നി സുരക്ഷ സേനയ്ക്ക് ഒപ്പം വിന്യസിച്ചിരിക്കുന്നത്. റെസ്ക്യു ഓപ്പറേഷന്, സ്ട്രെക്ചര്‍ ഡ്യൂട്ടി എന്നിവയില്‍ അഗ്നിരക്ഷാ സേനയുടെ പരിശീലനം ലഭിച്ചവരാണ് ഇവര്‍.
പുല്ലുമേട്ടില്‍ കഴിഞ്ഞദിവസം രാത്രി അകപ്പെട്ട അയ്യപ്പഭക്തരെ രക്ഷിക്കുന്നതിലും മരക്കൂട്ടത്തിനു താഴെ 12- ാം വളവില്‍ അപകടാവസ്ഥയില്നിന്ന മരം മുറിച്ചു നീക്കുന്നതിലും മറ്റു വകുപ്പുകള്‍ക്കൊപ്പം മികച്ച സേവനമാണ് ആപ്ത മിത്ര നല്‍കിയത്.
മല ചവിട്ടുന്ന അയ്യപ്പഭക്തര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ പ്രാഥമിക വൈദ്യ സഹായം ലഭ്യമാക്കുന്നതിനും സിവില്‍ ഡിഫെന്‍സ് വോളണ്ടിയര്‍മാര്‍ സജ്ജരാണ്.