ഗവിയിലേക്കുള്ള റോഡ് തകർന്നു; സഞ്ചാരികളുടെ യാത്ര ദുരിതപൂർണം
1481554
Sunday, November 24, 2024 4:35 AM IST
പത്തനംതിട്ട: വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന ഗവിയിലേക്കുള്ള റോഡുകൾ തകർന്നു. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കാത്തതുമൂലം പാതയിലൂടെയുള്ള സഞ്ചാരം യാത്രക്കാരുടെ നടുവൊടിക്കുന്നതായി.
കക്കി ഡാം കഴിഞ്ഞുള്ള ഭാഗം റോഡ് കുണ്ടും കുഴിയുംനിറഞ്ഞു കിടക്കുകയാണ്. മഴ പെയ്താൽ വാഹനങ്ങൾ തെന്നിമാറുന്നു. ഗവിയിലേക്ക് കെഎസ്ആർടിസിയുടെ പ്രതിദിന സർവീസുകളും പാക്കേജ് ടൂറുകളും കൂടാതെ സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവരുമുണ്ട്.
വനഭംഗി അസ്വദിച്ചും വന്യമൃഗങ്ങളെ കണ്ടും കോടമഞ്ഞിന്റെ തഴുകലേറ്റും യാത്ര ചെയ്യാമെന്നതാണ് ഗവി വിനോദ സഞ്ചാരത്തിന്റെ പ്രത്യേകത. എന്നാൽ, കക്കി ഡാം കഴിഞ്ഞാൽ ഇരുപത്തഞ്ച് കിലോമീറ്ററോളം ദുഷ്കര യാത്രയാണ്. കൊച്ചുപന്പ മുതൽ ഗവിവരെയുള്ള ഭാഗത്ത് യാത്ര ഏറെ ദുഷ്കരമായി മാറിയിരിക്കുകയാണ്.
ഈ ഭാഗത്തെ ടാറിംഗ് പൂർണമായി ഇളകി. മെറ്റൽ മാത്രമായ റോഡിലൂടെ യാത്ര ചെയ്താൽ നടുവൊടിയുന്ന സ്ഥിതിയുണ്ട്. ഇതുവഴിയെത്തുന്ന നിരവധി വാഹനങ്ങൾ തകരാറിലാകുന്നതും പതിവായി. റോഡ് ടാർ ചെയ്തിട്ട് അഞ്ച് വർഷത്തോളമായി. വനംവകുപ്പും പൊതുമരാമത്തും സീതത്തോട് പഞ്ചായത്തും സഹകരിച്ചാണ് പണികൾ നടത്തിയത്.
റോഡ് തകർന്നതു കാരണം പത്തനംതിട്ടയിൽനിന്ന് വാഹനങ്ങൾ ഗവിയിലെത്താൻ വൈകുന്നു. സാധാരണ അഞ്ചര മണിക്കൂറിൽ ഗവിയിലെത്താം. ഇപ്പോഴത്തെ സ്ഥിതിയിൽ ഒരു മണിക്കൂറെങ്കിലും കൂടുതൽ വേണ്ടിവരും. രോഗ ബാധിതരെ ആശുപത്രിയിലെത്തിക്കുന്നതിന് വലിയ ദുരിതം അനുഭവിക്കണമെന്ന് ഗവി നിവാസികൾ പറയുന്നു.
ഗവി ഉൾപ്പെടെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്ന വിദേശികൾ അടക്കമുള്ള വിനോദ സഞ്ചാരികളുടെ സമയക്രമവും തകർന്ന റോഡിലൂയെടുള്ള യാത്രമൂലം തെറ്റുന്നു. ഒക്ടോബർ മുതൽ ഫെബ്രുവരി വരെ ഗവിയിലേക്ക് വിനോദ സഞ്ചാരികൾ കൂടുതലായി എത്തും. തകർന്ന റോഡിലെ യാത്ര സുരക്ഷിതമല്ലാതായാൽ വരുമാനത്തെ ബാധിക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.