മരക്കൂട്ടത്തുനിന്ന് പിടിയിലായവർ എസ്ഐ മർദിച്ചെന്ന പരാതിയുമായി സിപിഎം ഓഫീസിൽ
1480899
Thursday, November 21, 2024 7:48 AM IST
പത്തനംതിട്ട: മോഷണത്തിനായി എത്തി ശബരിമല മരക്കൂട്ടത്തുനിന്നു പിടിയിലായവര്‍ സന്നിധാനം എസ്ഐ ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയുമായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍. സംശയാസ്പദമായ രീതിയില്‍ മരക്കൂട്ടത്തെ പൊന്തക്കാടിനു സമീപത്തനിന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് തമിഴ്നാട് സ്വദേശികളായ രണ്ടു പേര് പിടിയിലായത്.
തേനി പൊന്നഗര് കാളിയമ്മന്‍ സ്ട്രീറ്റില്‍ കറുപ്പു സ്വാമി (31), തേനി ഉത്തമ പാളയം ബാലക്കോട്ട ന്യൂകോളനിയില്‍ വസന്ത് തങ്കമൈ (24) എന്നിവരാണ് സന്നിധാനം എസ്ഐ അനൂപ് ചന്ദ്രനെതിരേ മര്‍ദന പരാതിയുമായി ഇന്നലെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്. റാന്നി കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇരുവരും തങ്ങളുടെ കുടുംബത്തോടൊപ്പം പരാതിയുമായി ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്. എസ്ഐക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് ഇവര്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയത്. തമിഴ്നാട്ടിൽ തങ്ങൾ സിപിഎം പ്രവർത്തകരാണെന്നും ഇവർ പറഞ്ഞു.
സംശയകരമായ സാഹചര്യത്തില്‍ ഇവരെ കണ്ട കച്ചവടക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തിയപ്പോള്‍ കാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും പിടികൂടുകയായിരുന്നു. സന്നിധാനം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു നടത്തിയ പരിശോധനയില്‍ ഒടിച്ച സര്‍ജിക്കല്‍ ബ്ലേഡും അല്ലാത്ത ബ്ലേഡും കണ്ടെത്തി.
വെര്‍ച്വല്‍ ബുക്കിംഗിന്റെയോ കടകളില്‍ ജോലിചെയ്യുന്നതിന്റെയോ രേഖകള്‍ ഉണ്ടായിരുന്നില്ല. നട തുറന്നപ്പോള്‍ സന്നിധാനത്തെത്തിയ ഇവരെ തിരിച്ചയച്ചിരുന്നതായും വീണ്ടും തിരികെ എത്തിയതാണെന്നും പോലീസ് പറഞ്ഞു. തിരക്ക് കുറയുമ്പോള്‍ കാട്ടില്‍ ഒളിക്കുകയും തിരക്കിനിടയില്‍ തീർഥാടകരോടൊപ്പം കൂടി മോഷണം നടത്തുകയുമാണ് ലക്ഷ്യം. പിടിയിലായ കറുപ്പുസ്വാമിക്കെതിരേ മോഷണക്കേസുകള്‍ നിലവിലുള്ളതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായവരെ പോലീസ് മര്‍ദിച്ചിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.