കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് മാനവസേവാ പുരസ്കാരം സമ്മാനിച്ചു
1480897
Thursday, November 21, 2024 7:48 AM IST
തിരുവല്ല: വിശ്വമാനവികതയുടെ സ്നേഹസന്ദേശമാണ് കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ സമൂഹത്തിനു പകർന്നു നൽകുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ. പുഷ്പഗിരി മെഡിക്കൽ കോളജ് സ്റ്റാഫ് ക്രഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാനവ സേവാ പുരസ്കാരം സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്നേഹവും കാരുണ്യവും ആവശ്യപ്പെടുന്നിടങ്ങളിൽ അതു നൽകുകയെന്നതാണ് ക്രൈസ്തവ ധർമം. ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ക്രിസ്തു പഠിപ്പിക്കുന്നത്. ഇവയെല്ലാം ജീവിതത്തിൽ പകർത്താൻ കഴിയുന്നവനാണ് ക്രിസ്തുവിന്റെ അനുയായി. ഇത്തരത്തിൽ സമൂഹത്തിനു മാതൃകയായി മാറാൻ മാർ ക്ലീമിസ് ബാവയ്ക്കു കഴിയുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഓഖി, പ്രളയം, കോവിഡ് തുടങ്ങി പ്രതിസന്ധിഘട്ടങ്ങളിലും സാമുദായിക സംഘർഷത്തിന്റെ അവസ്ഥയിലുമൊക്കെ വേണ്ട ഇടപെടലുകൾ നടത്താൻ മാർ ക്ലീമിസ് ബാവയ്ക്കു കഴഞ്ഞതായും മന്ത്രി അഭിപ്രായപ്പെട്ടു. അജപാലന ദൗത്യത്തിലെ ഏറ്റവും ശ്രേഷ്ഠമായ കടമയാണ് അദ്ദേഹം നിർവഹിച്ചുവരുന്നതെന്നും വാസവൻ പറഞ്ഞു.
പുഷ്പഗിരി സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ പുഷ്പഗിരി മെഡിക്കൽ കോളജ് സ്റ്റാഫ് വെൽഫെയർ ക്രഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഫാ: ജോസ് കല്ലുമാലിക്കൽ അധ്യക്ഷത വഹിച്ചു. മുൻ ഡിജിപി ജേക്കബ് പുന്നൂസ് മുഖ്യ പ്രഭാഷണം നടത്തി. സ്ത്രീശക്തി വാഹനവായ്പയിലൂടെ 17 വനിതാ ജീവനക്കാർക്ക് നൽകുന്ന ആക്ടീവാ സ്കൂട്ടറിന്റെ വിതരണം വികാരി ജനറാൾ റവ. ഡോ. ഐസക് പറപ്പള്ളിൽ നിർവഹിച്ചു. ജീവനക്കാരുടെ മക്കളിൽ അർഹരായവർക്ക് സ്കോളർഷിപ്പുകൾ ക്ലീമിസ് കാതോലിക്കാ ബാവ വിതരണം ചെയ്തു.
സഹകരണ എംപ്ലോയിസ് വെൽഫയർ ഫണ്ട് ബോർഡ് വൈസ് ചെയർമാൻ ആർ. സനൽകുമാർ, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ പി.കെ. സുജാതകുമാരി, വൈസ് പ്രസിഡന്റ് ഡോ.സന്തോഷ് മാത്യു എന്നിവർ പ്രസംഗിച്ചു.