നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം: ആരോഗ്യ സർവകലാശാല അന്വേഷണം തുടങ്ങി
1480662
Wednesday, November 20, 2024 7:46 AM IST
പത്തനംതിട്ട: ചുട്ടിപ്പാറ സീ പാസ് നഴ്സിംഗ് കോളേജിലെ വിദ്യാർഥിനി തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടിൽ അമ്മു എ. സജീവ് (22) ഹോസ്റ്റലിനു മുകളിൽനിന്നു വീണു മരിച്ച സംഭവത്തിൽ ആരോഗ്യ സർവകലാശാല അന്വേഷണം തുടങ്ങി. മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെത്തുടർന്നാണ് സർവകലാശാല അന്വേഷണ സംഘത്തെ നിയോഗിച്ചത്. വൈസ് ചാൻസലർ ഡോ. മോഹൻ കുട്ടുമ്മേൽ അമ്മുവിന്റെ ബന്ധുക്കളെ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സർവകലാശാലായിൽനിന്നുള്ള നാല് ഉദ്യോഗസ്ഥരാണ് ഇന്നലെ കോളജിലെത്തി തെളിവെടുപ്പ് നടത്തിയത്. അമ്മുവിന്റെ ക്ലാസ്മുറിയും ഹോസ്റ്റലും സംഘം സന്ദർശിച്ചു.
അമ്മുവിന്റെ പിതാവ് സജീവ് രണ്ടാഴ്ച മുൻപ് നൽകിയ പരാതിയിൽ കോളജ് സ്വീകരിച്ച നടപടികളുടെ രേഖകൾ പ്രിൻസിപ്പൽ സംഘത്തിന് കൈമാറി. പ്രിൻസിപ്പൽ, അധ്യാപകർ എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.
സഹപാഠികളായ കുട്ടികളിൽനിന്ന് അമ്മുവിനുണ്ടായ മാനസികവും ശാരീരികവുമായ ഉപദ്രവത്തെക്കുറിച്ച് ലഭിച്ച പരാതിയിൽ ഇരുകൂട്ടരെയും വിളിച്ച് അധ്യാപകരുടെ സാന്നിധ്യത്തിൽ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നതായി പ്രിൻസിപ്പൽ പറഞ്ഞു.
ആരോപണ വിധേയരുടെ മൊഴിയെടുത്തു
അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ മൂന്ന് സഹപാഠികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. ഇവരുടെ ഫോൺ വിവരങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ അമ്മുവിന്റെ പിതാവ് സജീവ് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. സഹപാഠികളായ മൂന്നു പേരുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് അമ്മു ജീവനൊടുക്കാൻ കാരണമായതെന്നാണ് ആക്ഷേപം. എന്നാൽ അമ്മു ആത്മഹത്യ ചെയ്യുകയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബന്ധുക്കൾ.
സമരം ശക്തമാക്കി വിദ്യാർഥി സംഘടനകൾ
ചുട്ടിപ്പാറ സീപാസ് കോളജില്‍ നാലാം വര്‍ഷ ബിഎസ് സി വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമരം ശക്തമാക്കി വിദ്യാര്‍ഥി സംഘടനകള്‍. ഇന്നലെ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി.
രണ്ടു സംഘമായി തിരിഞ്ഞാണ് മാര്‍ച്ച് നടത്തിയത്. കോളജ് കവാടത്തില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് ഒരു സംഘത്തെ തടഞ്ഞപ്പോള്‍ മറ്റൊരു കൂട്ടര് വേറൊരു വഴിക്ക് കോളജിലേക്ക് തള്ളിക്കയറി. ഒരു കാരണവശാലും സമരക്കാരെ കടത്തിവിടരുതെന്ന് ഡിവൈഎസ്പി നന്ദകുമാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സമരക്കാരെ തടഞ്ഞതോടെ ഇവര്‍ ബഹളം കൂട്ടി. ബാരിക്കേഡിനു സമീപം നിന്ന പോലീസുകാര്‍ നിസഹായരായിരുന്നു. ഭീഷണി മുഴക്കി കുട്ടിനേതാക്കള്‍ എത്തിയതോടെ ഡിവൈഎസ്പി തന്നെ അവരെ കടത്തിവിടാൻ നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ പോലീസുകാര്‍ക്കിടയിലും അതൃപ്തി ഉണ്ടായി.
ദുരൂഹത നീക്കണമെന്ന് ബന്ധുക്കൾ
അമ്മു എ. സജീവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യവുമായി ബന്ധുക്കള്‍. അമ്മു ജീവനൊടുക്കാന്‍ സാധ്യതയില്ലെന്നും കോളജിലും ഹോസ്റ്റലിലും നടന്നിട്ടുള്ള സംഭവങ്ങളില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്കി.
മകള്‍ ആത്മഹത്യ ചെയ്യുമെന്ന് തങ്ങൾക്കു വിശ്വാസമില്ലെന്ന് പിതാവ് സജീവനും മാതാവ് രാധാമണിയും പോലീസിനോട് ആവര്‍ത്തിച്ചു. അമ്മു ജീവനൊടുക്കേണ്ട സാഹചര്യമില്ലെന്നു സഹോദരൻ അഖിൽ പറഞ്ഞു.
തിരുവനന്തപുരം സ്വദേശിനിയായ അമ്മുവിനെ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് കെട്ടിടത്തിനു മുകളില്‍നിന്നു വീണ നിലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നിട്ടും കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ മാത്രം നല്കി ഏറെ സമയം കിടത്തിയന്നും ബന്ധുക്കള്‍ എത്തിയാല്‍ മാത്രം ഡിസ്ചാര്‍ജ് ചെയ്താല്‍ മതിയെന്ന നിലപാട് സ്വീകരിച്ചെന്നും ആരോപണമുണ്ട്.
ഒപ്പമെത്തിയ സഹപാഠികളുടെ നിലപാട് ദുരൂഹമാണ്. കോട്ടയം മെഡിക്കല്‍ കോളജോ തിരുവല്ലയില്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളോ ഉണ്ടെന്നിരിക്കേ മൂന്നു മണിക്കൂര്‍ യാത്ര ചെയ്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചത് ദുരൂഹമാണ്. വഴിമധ്യേ നില ഗുരുതരമാണെന്നു കണ്ടിട്ട് മറ്റ് ആശുപത്രികളില്‍ കയറ്റിയതുമില്ല. ലൈഫ് സപ്പോര്‍ട്ടിനു സംവിധാനമുള്ള ആംബുലന്‍സിലല്ല കുട്ടിയെ കൊണ്ടുപോയത്. വഴിമധ്യേ ആയിരുന്നു മരണം.
എന്നാല്‍, ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് അമ്മുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തതെന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രി അധികൃതര്‍ പറയുന്നു. ഇവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കാണ് റഫര്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. പക്ഷേ, ബന്ധുക്കള്‍ നിര്‍ബന്ധിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കുകയായിരുന്നു.
ഈ ആരോപണം ബന്ധുക്കള്‍ നിഷേധിച്ചു. ഇത്രയും ഗുരുതരമായ പരിക്കുകളുണ്ടായിരുന്ന കുട്ടിയെ ഏറ്റവുമടുത്ത് വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിലേക്കാണ് കൊണ്ടുപോകേണ്ടിയിരുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.